ബി.ആർ.എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയെ ഏപ്രിൽ 23 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഡൽഹി റോസ് അവന്യൂ കോടതിയാണ് കവിതയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യഹർജിയും കോടതി തള്ളിയിരുന്നു. അന്വേഷണം മുന്നിൽകണ്ട് കവിത തെളിവുകൾ നശിപ്പിച്ചെന്നും കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഈ അവസരത്തിൽ കവിതയ്ക്ക് ജാമ്യം നൽകിയാൽ അവർ വീണ്ടും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇളയ മകന് പരീക്ഷാസമയമായതിനാൽ പിന്തുണയും കരുതലും നൽകാൻ ജാമ്യം അനുവദിക്കണമെന്ന കവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഇളയ മകന് തുണയായി മുത്തമകനും അച്ഛനും അടുത്ത ബന്ധുക്കളുമുണ്ടെന്ന് കോടതി പറഞ്ഞു. മാർച്ച് 15ന് ഹൈദരാബാദിൽനിന്ന് അറസ്റ്റിലായ കവിത നിലവിൽ തിഹാർ ജയിലിലാണ്.
അതേസമയം ചോദ്യം ചെയ്യാൻ സിബിഐയെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്.
കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സി.ബി.ഐ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകൻ പറഞ്ഞു.
ഇ.ഡി, സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് സിബിഐക്ക് അനുമതി നൽകിയത്.