ജോയ്സ് ജോർജിനെ വരവേറ്റ് കുടിയേറ്റ കർഷക ജനത
ചെറുതോണി: ബഫർസോൺ ഭീഷണിയും നിർമാണ നിരോധനവുമില്ലാതെ ഇവിടെ കഴിയണമെന്നുറക്കെ പ്രഖ്യാപിച്ച് ഇടുക്കി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ വരവേറ്റ് കുടിയേറ്റ കർഷകജനത.
തിങ്കളാഴ്ച ഇടുക്കി നിയോജക മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ജോയ്സിന് ലഭിച്ചത്. കുടിയേറ്റ കാർഷിക ഗ്രാമമായ വെൺമണിയിൽ നിന്നായിരുന്നു തുടക്കം.
രാവിലെ എട്ടിന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കാൽ പര്യടനം ഉദ്ഘാടനം ചെയ്തു. എ.കെ.ജിയുടെ സമരസ്മരണകളിരുമ്പുന്ന ചുരുളി - കീരിത്തോട് മേഖലകളിലൂടെ പര്യടനം മുന്നേറി. വാഴക്കുലയും പഴവർഗ്ഗങ്ങളും കണിക്കൊന്നയും നൽകി വരവേൽപ്പ്.
കത്തുന്ന വെയിലിനെ കൂസാതെ വഴിയരികിൽ കാത്തുനിന്നത് വൻജനാവലി. പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കരിമ്പൻ, ചാലിക്കട, ഉപ്പുതോട്, രാജമുടി, താഴെപതിനാറാംകണ്ടം മുരിക്കാശ്ശേരി, മങ്കുവ, പനംങ്കുട്ടി, കമ്പിളികണ്ടം എന്നിവടങ്ങളിൽ പര്യടനം എത്തുമ്പോൾ നട്ടുച്ച.
ഉച്ചയ്ക്കു ശേഷം പണിക്കൻ കുടി, ഇരുമലക്കപ്പ്, പാറത്തോട്, മുക്കുടം, അഞ്ചാംമൈൽ, കൊന്നത്തടി, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാൻകുട്ടി, ചെമ്പകപ്പാറ, മേലേചിന്നാർ, പെരുംതൊട്ടി, കിളിയാർകണ്ടം, കനകക്കുന്ന്, വാത്തിക്കുടി എന്നിവിടങ്ങളിൽ പര്യടനം നടത്തി തോപ്രാംകുടിയിൽ സമാപിച്ചു.
സമാപന സമ്മേളനം എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തി.
ചൊവ്വാഴ്ച തൊടുപുഴ മണ്ഡലത്തിലാണ് പര്യടനം. എൻ.ഡി.എ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥിന്റെ പര്യടനം തൊടുപുഴ നിയോജക മണ്ഡലത്തിലെ വണ്ണപ്പുറത്തു നിന്ന് ആരംഭിച്ചു. പന്നിമറ്റത്ത് സമാപിച്ചു. ചൊവ്വാഴ്ചയും തൊടുപുഴ മണ്ഡലത്തില് പര്യടനം തുടരും.