കരുനാഗപള്ളിയിൽ പൊള്ളലേറ്റ അമ്മയും മൂത്ത മകളും മരിച്ചു
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു.
നിഖയാണ്(12) തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നിവേദ(6), ആരവ്(2) എന്നിവർ ചികിത്സയിൽ തുടരുകയാണ്.
മാർച്ച് അഞ്ചിനാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിന്റെ ഭാര്യ അർച്ചനയെ(35) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു.
മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. അർച്ചനയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
അനാമികയെയും ആരവിനെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ അർച്ചന വിദേശത്ത് നഴ്സിങ്ങ് ജോലി ചെയ്തിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ്ങ് തൊഴിലാളിയാണ്. പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന ജീവനൊടുക്കിയത്. സംഭവത്തെപറ്റി കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.