കർണാടകയിൽ തെരഞ്ഞെടുപ്പ് റെയ്ഡിനിടെ പിടികൂടിയത് 5.60 കോടി രൂപയും ആഭരണങ്ങളും
ബാംഗ്ലൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡിൽ കർണാടകയിൽ നിന്ന് കോടിക്കടക്കിന് വിലവരുന്ന ആഭരണങ്ങളും രൂപയും പിടികൂടി.
ബെല്ലാരിയിൽ നടത്തിയ റെയ്ഡിൽ 5.60 കോടി രൂപയും മുന്ന് കിലോ സ്വർണവും 103 കിലോ വെള്ളി ആഭരണങ്ങളും 68 വെള്ളി ബാറുകളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പൊലീസ് അറിയിച്ചു.
ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ബി.ജെ.പി സ്ഥാനാർഥിക്കായി കടത്തിയ നാലു കോടി രൂപയുമായി ബി.ജെ.പി പ്രവർത്തകൻ അടക്കം മൂന്നു പേർ തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പിടിയിലായിരുന്നു.
ബി.ജെ.പി പ്രവർത്തകൻ സതീഷ്(33), നവീൻ(31), പെരുമാൾ(26) എന്നിവരെയാണ് താംബരം റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്.
ബി.ജെ.പിയുടെ തിരുനെൽവേലി ലോക്സഭാ സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദേശ പ്രകാരമാണ് പണം കൊണ്ടു പോയതെന്ന് പ്രതികൾ മൊഴി നൽകിയായാണ് റിപ്പോർട്ട്.
രാത്രി ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ.സി കംപാർട്ട്മെന്റിലാണ് ആറ് ബാഗുകളിലായി പണം സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണെന്നും റിപ്പോർട്ടുണ്ട്.
പ്രതികളെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
പണം നൽകി വോട്ടുപിടിക്കാനായി നൈനാർ നാഗേന്ദ്രൻ കോടികൾ പലയിടങ്ങളിലായി സംഭരിച്ചിട്ടുണ്ടെന്നും നടപടി എടുക്കണമെന്നും ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. എന്നാൽ സംഭവുമായി ബന്ധമില്ലെന്നാണ് നാഗേന്ദ്രന്റെ നിലപാട്.