സംസ്ഥാനത്ത് നികത്താനുള്ളത് 49 റ്റി.റ്റി.ഇ ഒഴിവുകൾ
തിരുവനന്തപുരം: കേരളത്തിൽ റെയിൽവേയിൽ ടിക്കറ്റ് പരിശോധകരുടെ(റ്റി.റ്റി.ഇ) 49 ഒഴിവ്. പാലക്കാട് ഡിവിഷനിൽ 14ഉം തിരുവനന്തപുരം ഡിവിഷനിൽ 35 പേരുടെയും തസ്തികകളാണ് നികത്താനുള്ളത്.
പാലക്കാട് ഡിവിഷനിൽ 352ഉം തിരുവനന്തപുരം ഡിവിഷനിൽ 430ഉം റ്റി.റ്റി.ഇമാരാണ് നിലവിൽ ഉള്ളത്. ഇതാകട്ടെ വർഷങ്ങൾക്കു മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരമാണ്.
ഈ ഡിവിഷനുകളിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, ഷൊർണൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവയാണ് ടിടിഇമാരുടെ ഡിപ്പോകൾ ഉള്ളത്.
അടുത്തിടെ കൊമേഴ്സ്യൽ വിഭാഗത്തിലെ ക്ലർക്കുമാരുടെയും(ടിക്കറ്റ് കൗണ്ടറിലെ ക്ലർക്കുമാർ) റ്റി.റ്റി.ഇമാരുടെയും കേഡറുകൾ ലയിപ്പിച്ചിരുന്നു. പാലക്കാട് ഡിവിഷനിൽനിന്ന് 115 ക്ലർക്കുമാർ റ്റി.റ്റി.ഇമാരായി.
കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ അടച്ചുപൂട്ടിയതും പാലക്കാട് ഡിവിഷന് കീഴിലാണ്. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ, കൊല്ലം, എറണാകുളം സൗത്ത് എന്നിവിടങ്ങളിലായി ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം പകുതിയായും കുറച്ചു.
ഇവിടെ നിന്നുള്ള ക്ലർക്കുമാരെ ടിടിഇമാരാക്കി. റ്റി.റ്റി.ഇമാരുടെ കുറവ് കാരണം ഒരാൾ രണ്ട് സ്ലിപ്പർ കോച്ച് എന്നത് മൂന്നും എ.സി കോച്ച് മൂന്ന് എന്നത് അഞ്ചാക്കിയും ഉയർത്തിയിരുന്നു.
സ്ലിപ്പർ കോച്ച് അഞ്ച് എണ്ണം വരെ ടിക്കറ്റ് പരിശോധിക്കേണ്ട സാഹചര്യമുണ്ട്. വന്ദേഭാരത് എക്സ്പ്രസിനും ആവശ്യമായ ജീവനക്കാരില്ല. സ്പെഷ്യൽ ട്രെയിനുകൾക്കും റ്റി.റ്റി.ഇമാരെ ആവശ്യമുണ്ട്.
ദക്ഷിണ റെയിൽവേയിൽ കൂടുതൽ സ്റ്റോപ്പുകൾ ഉള്ളത് കേരളത്തിലാണ്. മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ തിരക്കാണ്.
പല ട്രെയിനുകളിലും ആലുവ എത്തുമ്പോഴേക്ക് സ്ലിപ്പർ കോച്ചുകൾ ജനറൽ കോച്ചു പോലെ ആകുമെന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള റ്റി.റ്റി.ഇ പറയുന്നു.