കോൺഗ്രസിന് എല്ലാകാര്യത്തിലും സംഘപരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി
കൊല്ലം: എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർ.എസ്.എസ് അജൻഡയുടെ ഭാഗമായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ ഇതുവരെ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല.
പ്രകടന പത്രികയിലും പൗരത്വഭേദഗതി നിയമമില്ല. എല്ലാ കാര്യവും പ്രകടന പത്രികയിൽ പറയേണ്ടതുണ്ടോ എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. സംഘപരിവാർ മനസ്സിനോട് ഒട്ടിനിൽക്കുന്ന ഒട്ടേറെ നേതാക്കൾ ഉള്ളതു കൊണ്ടാണ് കോൺഗ്രസിനു നിലപാടെടുക്കാൻ കഴിയാത്തത്.
മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എ അരുൺ കുമാറിന്റെ പ്രചാരണ പൊതു യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കോൺഗ്രസിന്റെ ശബ്ദം വേണ്ടനിലയിൽ ഉയർന്നില്ല. എൻ.ഐ.എ ബില്ലിനെ ലോക്സഭയിൽ എതിർത്ത ആറു പേരില്‍ ഒരാള്‍ എ.എം ആരിഫായിരുന്നു.
അപ്പോൾ കോൺഗ്രസുകാർ എവിടെപ്പോയി. യു.എ.പി.എ ഭേദഗതിയിലും കോൺഗ്രസ് ബി.ജെ.പിക്കൊപ്പം നിന്നു. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാരാണ് സ്വാമിനാഥൻ കമീഷനെ നിയമിച്ചത്.
എന്നാൽ, ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തിൽ വന്ന രണ്ടാം യു.പി.എ സർക്കാർ ആ റിപ്പോർട്ട് തള്ളി. ഇതാണ് യഥാർഥ കോൺഗ്രസ് മുഖം.
സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന സാമ്പത്തിക നയങ്ങളാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നത്.
അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. ഇതിനെതിരെ പാർലമെന്റിൽ ഒരുവാക്ക് പറയാൻ യു.ഡി.എഫ് എം.പിമാർ തയ്യാറായില്ല.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരായ കേരളത്തിന്റെ ഹര്‍ജിയിലെ സുപ്രീം കോടതി വിധി കോൺഗ്രസിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.