സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാപനം രാജിവച്ചു
കോട്ടയം: ലോക്സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കിയതു സംബന്ധിച്ച് ഇത്രകാലം യു.ഡി.എഫ് രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ച ഭിന്നത മറനീക്കി പുറത്തു വരുന്നു.
ഫ്രാൻസിസ് ജോർജിന്റെ പാർട്ടിയായ കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ മുഴുവൻ പദവികളും രാജിവച്ചതോടെയാണിത്.
മുന്നണിയുടെ ജില്ലയിലെ അധ്യക്ഷൻ തന്നെ രാജിവച്ചതോടെ പാർട്ടിയിലെയും യു.ഡി.എഫിലെയും ഭിന്നതയാണ് പരസ്യമായിരിക്കുന്നത്.
12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർട്ടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസിസ് ജോർജിനെ ഇടുക്കിയിൽ നിന്ന് കോട്ടയത്തേക്ക് ഇറക്കുമതി ചെയ്തത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനാണെന്നാണ് സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.
തന്നെ വെട്ടി ഫ്രാൻസിസ് ജോർജിനെ കോട്ടയത്തെത്തിച്ച മോൻസ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ചു കൊണ്ടാണ് സജിയുടെ രാജി.
മോൻസ് ജോസഫ് ഉള്ള പാർട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്നാണ് മഞ്ഞക്കടമ്പൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഡിഎഫുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ യുവനേതാവായിരുന്ന സജിയെ, നിയമസഭയിലേക്കു മത്സരിക്കാൻ സീറ്റ് നൽകാം എന്ന വാഗ്ദാനവുമായാണ് കെ.എം. മാണിയുടെ മരണശേഷം പി.ജെ ജോസഫും മോൻസ് ജോസഫും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെത്തിക്കുന്നത്.
പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളിൽ ഒന്ന് നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സജിക്ക് ടിക്കറ്റ് ലഭിച്ചില്ല.
അന്നും ഇടഞ്ഞ സജിയെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് നൽകാം എന്നു പറഞ്ഞാണ് പാർട്ടി നേതൃത്വം അനുനയിപ്പിച്ചു നിർത്തിയിരുന്നത്.
എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ, ഇടുക്കിയിൽ നിന്നു മണ്ഡലം മാറി ഫ്രാൻസിസ് ജോർജാണ് വന്നത്. ഇതിനു പിന്നിൽ മോൻസ് ജോസഫായിരുന്നു എന്നാണ് സജിയുടെ ആരോപണം.
എന്നിട്ടും അതൃപ്തി ഉള്ളിലൊതുക്കി പാർട്ടിയിലും മുന്നണിയിലും തുടരുകയായിരുന്ന സജിയെ, മറ്റു നേതാക്കൾ അവഗണിച്ചതാണ് ഇപ്പോഴത്തെ കടുത്ത തീരുമാനത്തിലേക്കു നയിച്ചതെന്നാണ് സൂചന.
പാർട്ടിയുടെ ജില്ലാ പ്രസിഡന്റും മുന്നണിയുടെ ജില്ലാ ചെയർമാനുമായിട്ടും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലകളിൽ നിന്ന് സജിയെ മാറ്റി നിർത്തിയിരിക്കുക ആയിരുന്നു.