ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കും താൻ പണം കൊടുത്തിട്ടുണ്ടെന്ന് സാബു ജേക്കബ്
കൊച്ചി: തെലങ്കാനയിൽ വ്യവസായം തുടങ്ങുന്നതിനു വേണ്ടിയല്ല മറിച്ച് ആപത്തിൽ സഹായിയച്ചയാൾക്ക് നൽകിയ സമ്മാനമാണ് ഇലക്റ്ററൽ ബോണ്ടെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്.
കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച കിറ്റെക്സിനേയും അന്നാ അലൂമിനിയത്തേയും ഇടത്, വലത് മുന്നണികൾ നിരന്തരം ആക്രമിച്ചു. ഒരു വ്യവസായിയും സാമൂഹ്യ പ്രവർത്തകനും തനിക്കായി ശബ്ദമുയർത്തിയില്ല.
ബുദ്ധിമുട്ടുണ്ടായ സമയത്ത് സഹായിച്ചവർക്ക് മനസറിഞ്ഞ് നൽകിയ സമ്മാനമാണ് ഇലക്റ്ററൽ ബോണ്ട്. കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകണം. എന്നാൽ തെലങ്കാന അങ്ങനെയായിരുന്നില്ല.
അഴിമതിക്കോ ആനുകൂല്യത്തിനോ വേണ്ടി നൽകിയ തുകയല്ല ഇലക്റ്ററൽ ബോണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് 700 കോടി രൂപയുടെ ആസ്തിയുണ്ട്. അതൊക്കെ ആര് കൊടുത്തതാണെന്ന് സാബു ജേക്കബ് ചോദിച്ചു. ഇത്തവണ ആരും പിരിവിനു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കും താൻ പണം കൊടുത്തിട്ടുണ്ട്. എന്നിട്ടാണ് തനിക്കെതിരെ വൃത്തികേട് വിളിച്ചു പറയുന്നത്.
കേരളത്തിലെ എല്ലാ മുന്നണികൾക്കും പണം കൊടുത്തിട്ടുണ്ട്. എല്ലാ മുന്നണികളുടെയും നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്.
പിന്തുണ തേടി ഇപ്പോഴും വിളിക്കുന്നുണ്ട്. വ്യവസായവും രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്. രാഷ്ട്രീയ പാർട്ടികളുടെ അഴിമതികൾ ചൂണ്ടിക്കാട്ടുന്നത് കുറ്റം പറച്ചിലായി കാണരുത്.
കേരളത്തിൽ ഇരു മുന്നണികളും ആശ്രിതർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ കൊടുക്കുന്നത്. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ 23 കോടി രൂപയാണ് നീക്കിയിരിപ്പ്.
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകൾ എന്ത് പദ്ധതി സമർപ്പിച്ചാലും സർക്കാർ പരമാവധി വൈകിപ്പിക്കും. ക്ഷേമ പദ്ധതികൾക്കെതിരെ പരാതി നൽകുന്നത് സിപിഎമ്മും എം എൽ എ യും തുടരുകയാണ്.
കുന്നത്തുനാട് എം.എൽ.എയോടെന്നല്ല ആരോടും വ്യക്തിവിരോധമില്ല. എന്നാൽ ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കും. ഇനിയും പ്രതിരോധം സൃഷ്ടിക്കും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ നല്ല മുന്നേറ്റം നടത്തും.
എല്ലാ പാർട്ടികളിലെയും അസംതൃപ്തരുടെ വോട്ട് ഇത്തവണ ലഭിക്കും. ഇടതു മുന്നണിയുടെ കൂടുതൽ വോട്ട് ട്വന്റി ട്വന്റിക്ക് ലഭിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.