ആറ് രാജ്യങ്ങളും ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് യു.എന് മനുഷ്യാവകാശ സമിതി: പ്രമേയം പാസാക്കി
ജനീവ: ഗാസയിൽ അതിക്രമം നടത്തുന്ന ഇസ്രയേലിന് ആയുധം നൽകുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി.
യുദ്ധക്കുറ്റമാകാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രയേലിനെ ഉത്തരവാദികളാക്കണമെന്നും പാകിസ്ഥാൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 48 അംഗ മനുഷ്യാവകാശ സമതിയിൽ ചൈന, ക്യൂബ, ബ്രസീൽ, ചിലി തുടങ്ങി 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
ഇസ്രയേലിന് ആയുധം നൽകുന്നത് തുടരുന്ന അമേരിക്ക, ജർമനി ഉൾപ്പെടെ ആറു രാജ്യങ്ങളാണ് എതിർത്തു വോട്ട് ചെയ്തത്. ഇന്ത്യ, ഫ്രാൻസ്, ജപ്പാൻ, നെതർലാൻഡ്സ് തുടങ്ങി 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ഇസ്രയേൽ ഉടൻ പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണമെന്നും ഗാസയിലെ അനധികൃത ഉപരോധം നിർത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ആശുപത്രികൾ, സ്കൂളുകൾ, അഭയ കേന്ദ്രങ്ങൾ, ജല വിതരണ സംവിധാനം, വൈദ്യുത വിതരണം തുടങ്ങിയവ തകർക്കുന്ന ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണം. മനുഷ്യാവകാശ സമിതിക്ക് പ്രമേയങ്ങൾ നടപ്പാക്കാൻ നിർബന്ധിത മാർഗങ്ങളില്ല.
ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് മാർച്ചിൽ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഇതിന് പുല്ലുവില കൽപ്പിച്ച് ആക്രമണം തുടരുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,091 ആയി.