സംസ്ഥാനത്ത് ഇ-സിഗററ്റ് നിരോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഇസിഗററ്റിന്റെ ഉല്‍പ്പാദനം, വില്‍പ്പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്കി.
യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗററ്റ് വിപണി വ്യാപകമാവുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ ഇ-സിഗററ്റ് ഉപയോഗിച്ചുവരുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്സസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഇ സിഗററ്റ് ഉപയോഗം ക്രമേണ സാധാരണ സിഗററ്റടക്കം പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്ക, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇ-സിഗററ്റ് അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന് വ്യക്തമായത്. കാഴ്ചയില്‍ യഥാര്‍ഥ സിഗററ്റിനെ പോലെ തോന്നിപ്പിക്കുന്ന ഇ-സിഗററ്റ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണമാണ്.
നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗററ്റില്‍ ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.
അംഗീകാരമില്ലാത്ത കൊറിയര്‍ സര്‍വീസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് സംസ്ഥാനത്ത് ഇ സിഗററ്റ് എത്തുന്നത്.