അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവം; ഇവർ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേന നടത്തിയിരുന്നുവെന്ന് സംശയം.
ആയുർവേദം ഡോക്റ്റർമാരായിരുന്ന നവീൻ തോമസ്, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ചോര വാർന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒരു പാത്രത്തിൽ മുറിച്ചെടുത്ത മുടിയും കറുത്ത വളകളും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിനു മുൻപായി ഇവർ ഗൂഗിളിൽ അന്യഗ്രഹ മരണാനന്തര ജീവിതത്തെ കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലായി ഇവർ അരുണാചലിൽ എത്തിയെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഇവർ മുറിയിൽ നിന്ന് പിന്നീട് പുറത്തിറങ്ങിയിട്ടുമില്ല. മൂവരും ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊലപാതക സാധ്യതകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മൂവരുടെയും ഇമെയിൽ സന്ദേശങ്ങളും പരിശോധിക്കും. മരണപ്പെട്ട ആര്യ സുഹൃത്തുക്കൾക്കായി രഹസ്യ കോഡുള്ള സന്ദേശം അയച്ചിരുന്നതായും ഇതു പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
കേരള പൊലീസും അരുണാചൽ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. മരണപ്പെട്ട നവീനും ഭാര്യ ദേവിയും വർഷങ്ങളായി മരണാനന്തര ജീവിതത്തെ കുറിച്ച് പഠനം നടത്തിയിരുന്നുവെന്ന് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്.
നവീനാണ് ആദ്യം ഇത്തരം വിശ്വാസങ്ങളിൽ അകപ്പെട്ടതെന്നും പിന്നീട് ദേവിയെയും ദേവി വഴി സുഹൃത്ത് ആര്യയെയും ഇതിലേക്കു കൊണ്ടു വരുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
ഒന്നര വർഷം മുമ്പ് നവീനും ദേവിയും അരുണാചലിലേക്ക് യാത്ര പോയിരുന്നു. പ്രദേശത്ത് സാത്താൻ സേന, ബ്ലാക് മാജിക് നടത്തുന്ന സംഘങ്ങളുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.