ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് വ്യോമാക്രമണത്തിൽ തകർത്ത് ജനറല്‍മാരടക്കം ഏഴുപേരെ വധിച്ച ഇസ്രയേല്‍ നടപടിക്ക് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്.
തിങ്കളാഴ്ച രാത്രിയാണ് അധിനിവേശ ഗോലൻ പർവത മേഖലയിൽനിന്നെത്തിയ ഇസ്രയേൽ വിമാനം എംബസിയിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇസ്രായേലിന് തിരിച്ചടി നല്കാന് തീരുമാനമെടുത്തതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന് റവല്യൂഷണറി ഗാർഡ്സിലെ കോർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹേദിയ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാന് മുതിരുമോ അതോ ഇറാന്റെ പിന്തുണയുള്ള ലബനീസ് സായുധ സംഘമായ ഹിസ്ബുള്ള വഴിയോ യമനിലെ ഹൂതി വിമതര്‍ മുഖേനയോ ഏറ്റുമുട്ടല്‍ തീവ്രമാക്കുമോയെന്ന് വ്യക്തമല്ല.
കുറ്റവാളികള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുകതന്നെ ചെയ്യും എന്നാണ് ഹിസ്ബുള്ള സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കാന്‍ ഇതുവരെ ഇസ്രയേൽ സന്നദ്ധമായിട്ടില്ല. ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക അറിയിച്ചു.
റഷ്യ, ഇറാഖ്, ജോർദാൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ഇറാനിൽ ഇസ്രയേൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും കോൺസുലേറ്റ് ആക്രമിക്കുന്നത് ആദ്യം.