ടി.ടി.ഇ വിനോദ് കൊലക്കേസ്: പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടി.ടി.ഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ ടി.ടി.ഇ ആയ കെ വിനോദ് ചൊവ്വ വൈകിട്ട് 7.30ന് തൃശൂർ സ്റ്റേഷനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയിൽ വച്ചാണ് കൊല്ലപ്പെട്ടത്.
വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടി.ടി.ഇയുടെ ബുക്ക്, ബാഗ് എന്നിവ മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെടുത്തു. എറണാകുളത്തു നിന്ന് പാട്നയിലേക്ക് പോകുന്ന ട്രെയിനിലെ ടി.ടി.ഇയാണ് വിനോദ്.
പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്തിനെ റെയിൽവേ പൊലീസ് പാലക്കാട്ടു നിന്ന് കസ്റ്റഡിയിലെടുത്തു. മറ്റ് യാത്രക്കാർ പിടികൂടുകയായിരുന്നു. ഇയാൾ ഭിന്നശേഷിക്കാരനാണ്. തിരുവനന്തപുരം സ്വദേശിയായ വിനോദ് എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡിലാണ് താമസം.
എറണാകുളം സൗത്തിലെ ഡീസൽ ഷെഡ് ജീവനക്കാരനായിരുന്ന വിനോദിന് റെയിൽവെയിലായിരുന്ന അച്ഛന്റെ മരണത്തെ തുടർന്നാണ് ജോലി ലഭിച്ചത്. അടുത്തിടെയാണ് ടി.ടി.ഇയായത്. ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്. അമ്മ ലളിതയ്ക്കൊപ്പമാണ് താമസം.