അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക് ഉറപ്പില്ല, പുനർജനിയിൽ സംശയം
കോട്ടയം: അരുണാചൽപ്രദേശിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നവീന്റെ വീട്ടിലെത്തി പ്രാഥമിക വിവരങ്ങൾ തേടി പൊലീസ്.
നവീന്റെ കോട്ടയം മീനടം നെടുംപൊയ്കയിലുള്ള വീട്ടിലെത്തിയാണ് അന്വേഷണം നടത്തിയത്. അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞിരുന്നതിനാൽ വീട്ടുകാർ പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല.
മൂന്ന് ദിവസം മുന്നേ വിളിച്ചപ്പോഴും രണ്ട് ദിവസം കൊണ്ട് തിരിച്ചെത്തുമെന്നാണ് ഇവർ വീട്ടുകാരോട് അറിയിച്ചിരുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ പറഞ്ഞു.
നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് പരാതി ലഭിച്ചിട്ടുള്ളത്. മരണത്തിന് കാരണം ദുർമന്ത്രമാണെന്ന കാര്യത്തിൽ വീട്ടുകാർക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പുനർജനി എന്നോ മറ്റോ പേരുള്ള ഗ്രൂപ്പിൽ നവീൻ സജീവ അംഗമായിരുന്നെന്ന സംശയം നാട്ടുകാരും പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ഗ്രൂപ്പുകളുടെ സ്വാധീനത്തിലാണ് ഇവർ അരുണാചൽ പ്രദേശിലേക്ക് പോയതെന്നും പ്രദേശവാസികൾ പറയുന്നു.
ഈ സാഹചര്യത്തിൽ ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കും അടുത്ത ദിവസം തന്നെ പൊലീസ് കടക്കുമെന്നാണ് സൂചന.
അരുണാചലിൽ ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത വന്നതിനു പിന്നാലെ നാട്ടുകാരും ബന്ധുക്കളും പ്രദേശത്തേക്ക് ഒഴുകിയെത്തി.
ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന എൻ.എ തോമസിന്റെയും ഫിനാഷ്യൽ കോർപ്പറേഷൻ മാനേജരായിരുന്ന അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. മാർച്ച് 17നാണ് അവസാനമായി വീട്ടിൽ നിന്ന് പോയതെന്ന് പിതാവ് പറഞ്ഞു.
നവീന്റെ സഹോദരി നീതു അമേരിക്കയിലാണ്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയില്ലാത്ത കുടുംബമാണ്.
നവീന് നാടും നാട്ടുകാരുമായി ബന്ധമില്ല. വല്ലപ്പോഴും വന്നാൽതന്നെ ആരും അറിയാറുമില്ല. തിരുവനന്തപുരത്ത് പഠിച്ച് അവിടെയാണ് നവീൻ വളർന്നത്. സമാന പ്രായക്കാരുമായി സുഹൃത്ത് ബന്ധവുമില്ല.
ഒപ്പം പഠിച്ച കുട്ടിയെയാണ് വിവാഹം കഴിച്ചത്. ഇടയ്ക്ക് എപ്പോഴെങ്കിലും തോമസിന്റെ കൂടെ തേൻ എടുക്കാൻ റോഡ് മുറിച്ചുകടന്ന് പോകുന്നത് മാത്രം കാണാറുണ്ടായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. പുനർജനി എന്നൊരു സംഘടനയിൽ ചേർന്നതിന്റെ നിജസ്ഥിതിയും പൊലീസിന്റെ അന്വേഷണ പരിധിയിൽ വരും.