ചൂട് ജൂൺ വരെ തുടരുമെന്നു മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യം നേരിടുന്ന പൊള്ളുന്ന ചൂടിന് ഉടൻ ശമനമുണ്ടാവില്ല. ജൂൺ വരെ പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
മധ്യേന്ത്യയിലും പടിഞ്ഞാറൻ ഉപദ്വീപീയമേഖലയിലുമായിരിക്കും കടുത്ത ചൂട്. സാധാരണഗതിയിൽ നാലു മുതൽ എട്ടു വരെ ദിവസങ്ങളിലാണ് രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുക.
ഇത്തവണ ഇത് 10 മുതൽ 20 വരെ ദിവസമുണ്ടായേക്കും. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാകും ഉഷ്ണതരംഗം വലിയ തോതിൽ ഉണ്ടാകുകയെന്ന് കാലാവസ്ഥാ വിഭാഗം മേധാവി മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.
ഏപ്രിലിൽ രാജ്യമാകെ, പ്രത്യേകിച്ച് മധ്യ - ദക്ഷിണേന്ത്യയിൽ സാധാരണയിലും ഉയർന്ന താപനിലയുണ്ടാകും. ഇതിനിടെ, സംസ്ഥാനത്ത് 12 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയ്ക്കുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേ സമയം വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.