കണ്ണൂർ സെനറ്റിലേക്ക് ജന്മഭൂമി ലേഖകനെയും ഉൾപ്പെടുത്തി ഗവർണർ
കണ്ണൂർ: കണ്ണൂർ സർവകാലാശാല സെനറ്റിലേക്ക് ആർഎസ്എസുകാരെ തിരുകി കയറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകാലാശാല സിൻഡിക്കേറ്റ് നൽകിയ 16 പേരുടെ പട്ടികയിൽ നിന്ന് 14 പേരെയും ഒഴിവാക്കിയാണ് ഗവർണറുടെ കർസേവ.
ബിജെപി പ്രവർത്തകർക്കു പുറമെ കോൺഗ്രസ് പ്രവർത്തകരും പട്ടികയിലുണ്ട്. സർവകലാശാല നാമനിർദേശം ചെയ്തതും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുമായവരെ വെട്ടിയാണ് ചാൻസലർ പുതിയ പട്ടിക തയാറാക്കിയത്.
മാധ്യമ മേഖലയിൽനിന്ന് ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, ദൂരദർശൻ ഡയറക്ടർ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ലേഖകൻ യു പി സന്തോഷിനെയാണ് ചാൻസലർ നാമനിർദേശം ചെയ്തത്.
കായികതാരങ്ങളായ കെ സി ലേഖ, സി കെ വിനീത്, എസ് എൻ കോളജ് കായിക വിഭാഗം മുൻ മേധാവി പ്രൊഫ. ജഗന്നാഥൻ എന്നിവരെ ഒഴിവാക്കി.
അഭിഭാഷക വിഭാഗത്തിൽ സംഘപരിവാർ സംഘടന സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരൻ നമ്പ്യാർ ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇആർ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
സെനറ്റ് പാനൽ അട്ടിമറിയിലൂടെ ബിജെപി - കോൺഗ്രസ് ബന്ധം വീണ്ടും തെളിയുകയാണെന്ന് ഇടത് സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എ.കെ ജയരാജിന് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാലിക്കറ്റ് വി.സിയെ പുറത്താക്കപ്പെട്ട ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.