പൗരത്വ അപേക്ഷകൾ: നിരസിക്കപ്പെട്ടാൽ തുടർ നടപടിയിൽ അവ്യക്തത
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ പ്രകാരം സമർപ്പിക്കുന്ന പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ തുടർ നടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത.
കേന്ദ്ര സർക്കാർ അടുത്തിടെ വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ എന്താണ് തുടർ നടപടിയെന്ന് വിശദീകരിക്കുന്നില്ല.
പൗരത്വ ഭേദഗതി നിയമപ്രകാരം ഒരു ഉന്നതാധികാര സമിതിയാണ് പൗരത്വത്തിനായുള്ള അപേക്ഷകൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കുക. അപേക്ഷ നിരസിക്കാൻ സമിതി തീരുമാനിച്ചാൽ പുനഃപരിശോധനയ്ക്കുള്ള വ്യവസ്ഥകൾ പൗരത്വഭേദഗതി ചട്ടങ്ങളില്ല.
ബംഗാളിലെ മതുവാ സമുദായക്കാർ ദശകങ്ങൾക്കു മുമ്പ് ഇന്ത്യയിലേക്ക് എത്തി ഇവിടെ പൗരന്മാരായി കഴിയുകയാണ്. പൗരത്വ ഭേദഗതി നിയമ പ്രകാരം ഇവർ പൗരത്വത്തിനായി അപേക്ഷിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്താൽ തുടർ നടപടി എന്തെന്നതിലാണ് അവ്യക്തത.
1955ലെ പൗരത്വ നിയമപ്രകാരം അപേക്ഷകൾ നിരസിക്കപ്പെട്ടാൽ 30 ദിവസത്തിനകം കേന്ദ്രത്തിന് വീണ്ടും അപേക്ഷ നൽകാമായിരുന്നു. കേന്ദ്രത്തിന്റെ തീർപ്പായിരുന്നു പൗരത്വകാര്യത്തിൽ അന്തിമം.
ഭേദഗതി നിയമത്തിൽ പുനഃപരിശോധനയുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ അപേക്ഷ നിരസിക്കപ്പെടുന്നവർ കോടതികളെ സമീപിക്കേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.
ഓൺലൈനിലൂടെ പൗരത്വത്തിനായി സമർപ്പിക്കുന്ന അപേക്ഷകൾ ജില്ലാതലത്തിൽ തപാൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആദ്യം പരിശോധിക്കുക.
തുടർന്നാണ് ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിടുന്നത്. രേഖകളെല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഉന്നതാധികാര സമിതി പൗരത്വം അനുവദിക്കും.