നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയെന്നത് ബുദ്ധിമുട്ടാണ്, എന്നാൽ അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പി.റ്റി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് നൂറ് ശതമാനം എന്നായിരുന്നു ഗഡ്കരിയുടെ മറുപടി.
ഹരിത സമ്പദ്വ്യവസ്ഥയാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ 36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല.
ഇതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ 16 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.
ഈ പണം കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെടുത്താനും യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനുമായും വിനിയോഗിക്കാം.
ഹൈബ്രിഡ് വാഹനങ്ങളുടെ ജി.എസ്.റ്റി അഞ്ച് ശതമാനമായും ഫ്ലെക്സ് എഞ്ചിനുകളുടെ ജി.എസ്.റ്റി 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധന മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
2004 മുതൽ ബദൽ ഇന്ധനങ്ങൾക്കായി താൻ ശ്രമിക്കുന്നുണ്ടെന്നും അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ കാര്യങ്ങൾ മാറുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.