കേരളത്തിൽ വിവിധയിടങ്ങളിൽ കടലാക്രമണം; സഞ്ചാരികൾക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ വിവിധ തീരങ്ങളിലാണ് ഞായറാഴ്ച വൈകിട്ടോടെ ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറിയത്.
നിരവധി വീടുകൾക്കും വള്ളങ്ങൾക്കും കേടുപാട് സംഭവിച്ചു. രാവിലെ ചിലയിടങ്ങളിൽ കടൽ ഉൾ വലിഞ്ഞിരുന്നു. ഇതിന്റെ തുടർ പ്രതിഭാസമായാണ് വൈകിട്ടോടെ കരയിലേക്ക് ശക്തിയായി തിരയടിച്ചു കയറിയത്.
കാറ്റ് ശക്തമായ തിര സൃഷ്ടിക്കുന്ന കള്ളക്കടൽ പ്രതിഭാസമാണ് കടലാക്രമണത്തിനു കാരണം. രാവിലെ 30 മീറ്ററോളം ഉൾ വലിഞ്ഞതിനു ശേഷമായിരുന്നു തിരമാലകൾ കരയിലേക്ക് അടിച്ചു കയറിയത്.
കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.
തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ച് തൊഴിലാളികൾ കടലിൽ വീണു. അഞ്ച് പേരെയും രക്ഷപെടുത്തി.
രണ്ട് ദിവസം കൂടി കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. വിവിധയിടങ്ങളിൽ തീരത്തുനിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ, വർക്കല, കൊല്ലത്ത് ആലപ്പാട് വെള്ളനാതുരുത്ത്, ചെറിയഴീക്കൽ, അഴീക്കൽ ബീച്ച്, കൊല്ലം ബീച്ച്, ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് തൃശൂരിൽ പെരിഞ്ഞനം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായിരുന്നു.