ശമ്പളവും പെൻഷനും നാളെ മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനും തടസ്സമില്ല. സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനമായതിനാൽ തിങ്കളാഴ്ച ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകൾ നടക്കില്ല.
ചൊവ്വ മുതൽ ശമ്പള വിതരണം നടക്കും. ട്രഷറികളും മുൻ വർഷത്തെപ്പോലെ പ്രവർത്തിക്കും. ഒരു അധിക നിയന്ത്രണവും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം, ശമ്പളവും പെൻഷനും മുടങ്ങുമെന്ന് പ്രചരിപ്പിക്കുകയാണ് ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയപാർടികളും. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രചാരണങ്ങൾ.
മാർച്ചിൽ മാത്രം ട്രഷറിയിൽനിന്ന് 26,000 കോടി രൂപയാണ് വിതരണം ചെയ്തത്. ഇത് മുൻ വർഷത്തേക്കാൾ 4000 കോടി രൂപ അധികമാണ്. കേന്ദ്ര സർക്കാർ 57,400 കോടി രൂപ കുറച്ചിട്ടും സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനം കുറവ് വരുത്തിയിട്ടില്ല.
പൊതുചികിത്സാ സൗകര്യങ്ങളും അതേപോലെ നിലനിർത്തുകയും ചെയ്തു. വരുമാനവളർച്ചയും കൃത്യമായ ധനമാനേജ്മെന്റുമാണ് പ്രതിസന്ധിക്കിടയിലും കേരളത്തിനെ മുന്നോട്ടേക്ക് നയിച്ചത്.
കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താനും കെ.എസ്.ആർ.റ്റി.സി, കെ.റ്റി.ഡി.എഫ്.സി, കേരള ബാങ്ക് എന്നിവയ്ക്കും പണം നൽകി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് കുടിശ്ശികയും തീർത്തു. വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമായി സപ്ലൈകോയ്ക്കും തുക നൽകി.