19 സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾ ജീവന് ഭീഷണി നേരിടുന്നു; തോമസ് ഐസക്
പത്തനംതിട്ട: വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ജീവന് ഭീഷണി നേരിടേണ്ടി വരുന്നുവെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്.
യു.സി.എഫിന്റെ(യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം) റിപ്പോർട്ട് മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒരു വ്യത്യസ്ത തുരുത്തായി നിലനിൽക്കുന്നു എന്ന കാര്യവും റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഐസക് പറഞ്ഞു.
രണ്ടര മാസത്തിനിടെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കുനേരെ നടന്നത് 161 ആക്രമണങ്ങളാണെന്ന് ക്രൈസ്തവ വിശ്വാസി സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം(യു.സി.എഫ്) പറയുന്നു.
യു.സി.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഓരോ ദിവസവും രണ്ടിലേറെ ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്നുണ്ട്.
ജനുവരിയിൽ 70, ഫെബ്രുവരിയിൽ 62, മാർച്ചിലെ ആദ്യ 15 ദിവസങ്ങളിൽ 29 എന്നിങ്ങനെയാണ് ക്രൈസ്തവർക്കു നേരെ നടന്ന അക്രമങ്ങളുടെ കണക്ക്.
ഇതിനു പുറമെ ഇതേ കാലയളവിൽ കള്ളക്കേസുകളിൽ കുടുക്കി 122 ക്രിസ്ത്യാനികൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. യു.പിയിൽ മാത്രം അവിടത്തെ മതസ്വാതന്ത്ര്യ നിയമ പ്രകാരം കഴിഞ്ഞ 75 ദിവസങ്ങളിൽ ഇങ്ങനെ 30 പുരോഹിതന്മാർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.സി.എഫ് കണക്കുകൾ വ്യക്തമാക്കുന്നു.
2020 ജനുവരി മുതൽ 2024 മാർച്ച് 15 വരെയുള്ള കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരേ 2264 അക്രമ സംഭവങ്ങൾ യു.സി.എഫിന്റെ ഹെൽപ്പ്ലൈൻ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കാലയളവിൽ കേരളത്തിൽ ഒരു അക്രമ സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യു.സി.എഫ് നിരീക്ഷിക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ 2014ൽ 147 ആക്രമണങ്ങൾ ഉണ്ടായെങ്കിൽ 2023ൽ ഇത് 720 ആയി വർധിച്ചു.
2014 മുതൽ ക്രൈസ്തവർക്ക് നേരെയുണ്ടായ 3656 അക്രമസംഭങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറു കണക്കിന് പള്ളികൾ തകർക്കപ്പെടുകയും ക്രൈസ്തവർ കൊലചെയ്യപ്പെടുകയും ചെയ്ത മണിപ്പൂർ കലാപത്തിന്റെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
കഴിഞ്ഞ നാല് വർഷങ്ങളിൽ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നാണ് - 658. എന്നാൽ, ഈ പട്ടികയിൽ രണ്ടാമത്തെ സംസ്ഥാനം കഴിഞ്ഞ ഡിസംബർ വരെ കോൺഗ്രസ് ഭരിച്ച ഛത്തീസ്ഗഡാണ്.
ഇവിടെ ഗ്രാമങ്ങളിൽ ക്രൈസ്തവർക്ക് കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ പോലും കഴിയുന്നില്ല. പല ഗ്രാമങ്ങളിലും ക്രൈസ്തവർ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനുപോലും വിലക്ക് നേരിടുകയാണ്.
മത പരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ ക്രിസ്തുമത വിശ്വാസികൾക്കുനേരെ സംഘപരിവാർ വ്യാപക ആക്രമണം അഴിച്ചു വിട്ടപ്പോഴും അതിനെതിരെ ഭൂപേഷ് ബാഗേലിന്റെ സർക്കാർ ചെറുവിരൽ അനക്കിയില്ല.
ഇരകളുടെ പരാതിയിൽ കേസെടുത്തില്ലെന്ന് മാത്രമല്ല, പരാതിക്കാരെയും പാസ്റ്റർമാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണം ഭയന്ന് നൂറുകണക്കിന് വിശ്വാസികൾ കാട്ടിൽ അഭയം തേടി.
ഇരകൾക്ക് സ്വന്തം ഭൂമിയിൽ സംരക്ഷണം ഒരുക്കുന്നതിനു പകരം കോൺഗ്രസ് സർക്കാർ അവരെ നിർബന്ധിതമായി താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.
സംഘർഷം അടങ്ങും മുമ്പ് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് 33 ഗ്രാമങ്ങളിൽ ആക്രമണമുണ്ടായി. ആയിരത്തിലധികം പേർ നാടു വിട്ടു.
ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ഇരുപതിനായിരത്തോളം പേരെ ഘർ വാപ്സിയിലൂടെ സനാതന ധർമത്തിലേക്ക് തിരിച്ചെത്തിച്ചെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു.
എന്നിട്ടും അവർക്കെതിരെ നടപടിയുണ്ടായില്ല. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതു കൊണ്ടും വോട്ട് പോകുമെന്ന പേടി കൊണ്ടും മൗനം പാലിച്ച കോൺഗ്രസ് അവസാനം തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു.
ഇപ്പോൾ അവരുടെ പല നേതാക്കളും ബി.ജെ.പിയിൽ ചേരുന്ന തിരക്കിലാണ്. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര, പുരോഗമന ബദലിന്റെ പ്രാധാന്യം വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്.
മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും പൗര സ്വാതന്ത്ര്യത്തിനും പൂർണ്ണ സംരക്ഷണം എൽ.ഡി.എഫ് സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്.
വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ജീവന് ഭീഷണി നേരിടേണ്ടി വരുന്നുവെന്ന യാഥാർഥ്യം തുറന്നു കാട്ടുന്ന യു.സി.എഫിന്റെ റിപ്പോർട്ട് കേരളം ഒരു വ്യത്യസ്ത തുരുത്തായി നിലനിൽക്കുന്നുവെന്ന കാര്യവും വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഈ മത സൗഹാർദ അന്തരീക്ഷം നിലനിർത്താനും അത് രാജ്യമാകെ വ്യാപിപ്പിക്കാനും രാജ്യത്താകെയുള്ള മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശക്തമായി ഇടപെടാനും ഇടതുപക്ഷ സ്ഥാനാർത്ഥികൾ പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കണം. യു.സി.എഫിന്റെ കണക്കുകൾ ഇതിന്റെ തെളിവു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.