കോൺഗ്രസിന് 1,823 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുരുക്കിട്ട് കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നൊട്ടീസ്. 1,823 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്.
ഇതോടെ പ്രചാരണ പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുടെ പര്യടനങ്ങളും പ്രതിസന്ധിയിലായ നിലയിലാണ് പാർട്ടി. ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതു കൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതികരണം.
ബി.ജെ.പി ഈ ഇനത്തിൽ നൽകാനുള്ളത് 4, 600 കോടി രൂപയാണെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കാൻ പറഞ്ഞു. ‘നികുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നയവും ബി.ജെ.പിക്ക് മറ്റൊരു നയവുമാണ്.
തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്ക്കുന്ന സമയത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ബി.ജെ.പിക്ക് സംഭാവന നൽകിയവരിൽ 92 പേരുടെ പേരു വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും പുറത്ത് വിട്ടിട്ടില്ല. ബി.ജെ.പിയുടെ നികുതി വെട്ടിപ്പിന് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഴയും പലിശയുമടക്കം ആദായ നികുതി വകുപ്പില്‍ കോണ്‍ഗ്രസ് അടക്കേണ്ടത് 1823.08 കോടി രൂപയാണ്. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
അക്കാലത്തെ പിഴ 53.9 കോടി രൂപയോളമാണ്. 2016-2017ല്‍ 181.90 കോടി, 2017-2018ല്‍ 178. 73 കോടി, 2018-2019 ല്‍ 918.45 കോടി, 2019 -2020ല്‍ 490.01 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലും പ്രതികരിച്ചു. നീചമായ കേന്ദ്രസർക്കാർ പ്രയോഗിക്കുന്നത്.
കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ഇനിയും കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.