സുപ്രീം കോടതി വിലക്കിയിട്ടും ഇലക്ട്രൽ ബോണ്ടുകളുടെ അച്ചടി തുടർന്നു
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ കേന്ദ്ര സർക്കാർ 10000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക് അനുമതി നൽകിയതായി വിവരാവകാശരേഖ.
മാത്രമല്ല ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധിച്ചിട്ടും ബോണ്ടുകളുടെ അച്ചടി തുടർന്നു. സെക്യൂരിറ്റി പ്രിന്റിങ്ങ് ആൻഡ് മിന്റിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് ധനമന്ത്രാലയം അനുമതി നൽകിയിരുന്നത്.
സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28ന് മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി നിർത്തി വെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
നിർദ്ദേശം വൈകിപ്പിച്ച് എസ്.ബി.ഐയെക്കൊണ്ട് ബോണ്ട് അച്ചടിപ്പിച്ചു എന്നാണ് ഇതുപ്രകാരം വ്യക്തമാവുന്നത്. വിവരാവകാശ നിയമ പ്രകാരം ദേശീയ ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം പുറത്ത് കൊണ്ടു വന്നത്.
ധനമന്ത്രാലയവും എസ്.ബിഐയും തമ്മിലുള്ള കത്തിടപാടുകളുടെയും ഇമെയിലുകളുടെയും ഫയൽ നോട്ടിങ്ങുകളിലൂടെയുമാണ് കേന്ദ്ര നീക്കം വെളിപ്പെടുന്നത്.
ഇലക്ടറൽ ബോണ്ട് തുടങ്ങിയത് മുതൽ അതുവരെ 22,217 ഇലക്ടറൽ ബോണ്ടുകൾ കാശാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ ബി.ജെ.പി 8,451 കോടി രൂപ കാശാക്കി പിൻവലിച്ചു.
കോൺഗ്രസ് 1950 കോടി, തൃണമൂൽ കോൺഗ്രസ് 1,707.81 കോടിയും ബി.ആർ.എസ് 1,407.30 കോടിയുമാണ് വീണ്ടെടുത്തിരിക്കുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു. എസ്.പി.എം.സി.ഐ.എൽ ഇതിനകം 8,350 ബോണ്ടുകൾ അച്ചടിച്ച് എസ്.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.
ഫെബ്രുവരി 28ന് മാത്രമാണ് എസ്.ബി.ഐയിൽ നിന്ന് എസ്.പി.എം.സി.ഐ.എല്ലിന് "ഇലക്ടറൽ ബോണ്ടുകളുടെ പ്രിന്റിങ്ങ് ഹോൾഡ് ഓൺ പ്രിന്റിങ്ങ് - ഇലക്ടറൽ ബോണ്ട് സ്കീം 2018" - തലക്കെട്ടിലുള്ള ട്രയൽ - മെയിലിൽ അച്ചടി നിർത്താനുള്ള നിർദ്ദേശങ്ങൾ കൈമാറിയത്. കോടതി ഉത്തരവ് നൽകിയിട്ടും രണ്ടാഴ്ച തിടുക്കപ്പെട്ട് ബോണ്ട് സൗകര്യം പ്രയോജനപ്പെടുത്തി എന്നാണ് ഇത് കാണിക്കുന്നത്.