കേരള - ഗൾഫ് യാത്രാക്കപ്പൽ സർവീസ്; ആദ്യഘട്ട ചർച്ച ആശാവഹം
കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള - ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം.
കപ്പൽ സർവീസ്, വിനോദ സഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇരുപതോളം കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
സാധാരണക്കാരായ പ്രവാസികൾക്ക് വിമാന യാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള ചർച്ചയിൽ പറഞ്ഞു.
സിംഗപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ ഇതിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
ഗൾഫിൽനിന്ന് മൂന്നോ നാലോദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
സർക്കാരിൽ നിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ കമ്പനികളെ അറിയിച്ചു. ഏപ്രിൽ 22 വരെ താൽപ്പര്യപത്രം സമർപ്പിക്കാം.
കെ.എസ്.ഐ.എൻ.സി മാനേജിങ്ങ് ഡയറക്ടർ ആർ ഗിരിജ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ എം.ഡി ഡോ.കെ മനോജ് കുമാർ, ഉത്തരവാദിത്വ ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ് കുമാർ, കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.