ബാൾട്ടിമോർ അപകടത്തിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
വാഷിങ്ങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്നതിനെ തുടർന്ന് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.
വെള്ളത്തിൽ വീണ പിക്കപ്പ് ട്രക്കിൽ കുടുങ്ങിയ നിലയിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ആറുപേരെയാണ് അപകടത്തിൽ കാണാതായത്.
ഇവരെല്ലാം മരിച്ചതായാണ് നിഗമനം. ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള നിര്‍മാണ തൊഴിലാളികളാണിവർ.
പാലം തകർന്നുണ്ടായ അവശിഷ്ടങ്ങളിലും കോൺക്രീറ്റിലും മറ്റു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ ആളുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
സോണാര്‍ വഴിയുള്ള പരിശോധനയില്‍ നദിയുടെ അടിത്തട്ടില്‍ വാഹനങ്ങള്‍ ഉള്ളതായി കണ്ടെത്തിയതായി അധികൃകര്‍ പറഞ്ഞു.
ചൊവ്വാഴ്ച അമേരിക്കൻ സമയം പുലർച്ചെ ഒന്നരയ്ക്കാണ് ബാൾട്ടിമോറിലെ പറ്റാപ്സ്കോ നദിക്ക് കുറുകെയുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകർന്നത്.
കണ്ടെയ്നറുമായി വന്ന ഗ്രേസ് ഓഷ്യൻ എന്ന സിംഗപ്പൂർ കമ്പനിക്കുകീഴിലെ സിനേർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി കപ്പൽ ബാൾട്ടിമോർ നഗരത്തിലെ ഫ്രാൻസിസ് സികോട് കീ ആർച്ച് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കപ്പൽ ദിശതെറ്റി പാലത്തിന്റെ കൂറ്റൻ ഇരുമ്പു തൂണുകളിൽ ഇടിച്ചുകയറി. ഏതാണ്ട് മൂന്നു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഭൂരിഭാഗവും തകർന്നു വീണു.
പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ പറ്റാപ്സ്കോ നദിയിൽ പതിച്ചു. കപ്പലിടിച്ചപ്പോൾ പാലത്തിലുണ്ടായിരുന്ന എട്ടുപേരെ കാണാതായി. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ആറുപേർക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നിയന്ത്രണം നഷ്ടമായതോടെ കപ്പൽ ജീവനക്കാർ അപായ മുന്നറിയിപ്പ് നല്കി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി.
എന്നാൽ പാലത്തില്‍ അറ്റകുറ്റപ്പണി നടത്തി വന്ന തൊഴിലാളികൾക്ക് വിവരം ലഭിച്ചില്ല. അപകടത്തെ തുടർന്ന് കപ്പലിൽ തീ പടർന്നെങ്കിലും ആളപായമില്ല. 22 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ കപ്പലാണ് അപകടത്തിൽപെട്ടത്. പാലം തകർന്ന ഭാഗത്ത് നദിക്ക് അമ്പതടിയോളം താഴ്ചയുണ്ട്.
ബാൾട്ടിമോർ നഗരത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണ് ഫ്രാൻസിസ് സികോട് കീ പാലം. അമേരിക്കൻ ദേശീയ ഗാനത്തിന്റെ രചയിതാവിന്റെ പേരാണ് പാലത്തിനു നൽകിയത്.