ദേശീയതലത്തിൽ ചർച്ചയായി
മുഖ്യമന്ത്രിയുടെ വാക്കുകൾ
ന്യൂഡൽഹി: ‘ഭാരത് മാതാ കീ ജയ്’ - മുദ്രാവാക്യം ആദ്യം വിളിച്ചത് അസീമുള്ളാ ഖാനായതിനാൽ സംഘപരിവാറുകാർ അത് ഉപേക്ഷിക്കുമോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിൽ പകച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം.
കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ ദേശീയതലത്തിൽ ചർച്ചയായതോടെ സംഘപരിവാറും ബി.ജെ.പിയും പ്രതിരോധത്തിലായി. രാജ്യത്തെ ജനങ്ങളെ ആശയ കുഴപ്പത്തിൽ ആക്കാനാണ് കേരള മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് സുധാൻശു ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.
‘ഭാരത് മാതാ കീ ജയ്’ ആരാണ് ആദ്യം വിളിച്ചതെന്ന് കൃത്യതയോടെ പറയാവുന്ന കാര്യമല്ല. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും വിഘടിപ്പിക്കാനുമാണ് ശ്രമം.
ഇത്തരം മുദ്രാവാക്യങ്ങൾ ഇന്ത്യക്കാരുടേതാണ്. ഹിന്ദുവിന്റെയോ മുസ്ലിമിന്റെയോ അല്ല. ഭൂമിയും രാജ്യവും ഒരാളുടെ അമ്മയാണെന്ന ആശയം ഋഗ്വേദത്തിൽ നിന്ന് ഉരുത്തിരിഞ്ഞത് ആണെന്ന് സുധാൻശു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ദേശീയ തലത്തിൽ ചർച്ചയായതോടെ ആരാണ് അസീമുള്ളാ ഖാനെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ സജീവമായി.
പല ദേശീയ മാധ്യമങ്ങളും അസീമുള്ളാ ഖാൻ ആരാണെന്ന് വിശദീകരിച്ചും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹത്തിന്റെ ധീരമായ പങ്കും വിശദീകരിച്ച് വാർത്തകൾ നൽകി.
ഒരു വിഭാഗം സംഘപരിവാറുകാർ ‘ഭാരത് മാതാ കീ ജയ്’ അസീമുള്ളാ ഖാന്റെ സൃഷ്ടിയല്ലെന്നും ബംഗാളിൽ 1873ൽ കിരൺചന്ദ്ര ബന്ദോപാധ്യായയുടെ നാടകത്തിലാണ് ആദ്യം പരാമർശിക്കപ്പെട്ടതെന്നുമുള്ള വാദങ്ങൾ ഉയർത്തി.
ഉത്തരേന്ത്യയിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ നിർബന്ധപൂർവം ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിക്കുന്ന സംഘപരിവാർ പ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അസീമുള്ളാ ഖാൻ പരാമർശം ക്ഷീണമായി.
കേരളത്തിൽ എത്തിയ ഘട്ടത്തിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും ഒരു ചടങ്ങിൽ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ പലരെയും നിർബന്ധിച്ചിരുന്നു.