കോതമംഗലം കൊലപാതകം; കൃത്യമായ ആസൂത്രണത്തോടെ, കഴുത്തില്‍ 16 മുറിവുകള്‍
കോതമംഗലം: കള്ളാട് വീട്ടമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന നിഗമനത്തില്‍ പൊലീസ്. കുടുംബത്തിലെ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കോതമംഗലം കള്ളാട് പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട സാറാമ്മയുടെ കഴുത്തില്‍ പതിനാറ് മുറിവുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്.
മകനും മരുമകളും ജോലി കഴിഞ്ഞെത്തുന്ന സമയത്ത് സാധാരണ സാറാമ്മ ഉറക്കത്തിലായിരിക്കും. അതുകൊണ്ട് വീടിന്റെ പിന്‍വാതില്‍ ഉച്ചസമയത്ത് പൂട്ടാറില്ല.
ഇക്കാര്യം കൃത്യമായി അറിയുന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വീട് ഒറ്റപ്പെട്ട് നില്‍ക്കുന്നതുകൊണ്ടുതന്നെ കൃത്യമായ നിരീക്ഷണത്തിനുശേഷം ആസൂത്രിതമായാണ് അക്രമി എത്തിയതെന്നും പൊലീസ് ഉറപ്പിക്കുന്നു.
കൊലപാതകത്തിനുശേഷം സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം മാത്രമാണ് മോഷ്ടിച്ചിരിക്കുന്നത്. മുറിയില്‍ പൂട്ടാതിരുന്ന അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടിട്ടുമില്ല.
നിലവില്‍ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സാറാമ്മയുടെ അയല്‍വാസികളായ മൂന്ന് അസം സ്വദേശികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ ഒരാള്‍ തിങ്കളാഴ്ച ജോലിക്ക് പോയിരുന്നില്ലെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു.
തിങ്കൾ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് സാറാമ്മ കൊല്ലപ്പെട്ടത്. കൊലപാതകശേഷം മുറിയിലാകെ മഞ്ഞള്‍പൊടി വിതറിയ ശേഷമാണ് കൊലപാതകി രക്ഷപ്പെട്ടത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ(ബുധൻ) ഉച്ചകഴിഞ്ഞ് മൂന്നിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയപള്ളിയിൽ.