കേന്ദ്ര ഏജൻസികളുടെ അധികാര ദുർവിനിയോഗം: തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടും
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ പ്രകടമായ അധികാര ദുർവിനിയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഇന്ത്യ കൂട്ടായ്മയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ മാർഗ നിർദേശം പുറപ്പെടുവിച്ചേക്കും.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രതിപക്ഷ പാർടി നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ ഇടപെട്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര സർക്കാരിനാണോ അന്വേഷണ ഏജൻസികൾക്കാണോ മാർഗ നിർദേശം പുറപ്പെടുവിക്കുകയെന്നതിൽ വ്യക്തതയുണ്ടായിട്ടില്ല.
അതേസമയം, കേന്ദ്ര ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിയമപരവും ഭരണഘടനാപരവുമായ പരിമിതികളുണ്ടെന്ന വാദവും ഉയരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിപക്ഷ വേട്ടയ്ക്ക് എതിരായ വിമർശനങ്ങൾ വീണ്ടും സജീവമായി.
നഗ്നമായ അധികാര ദുർവിനിയോഗമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് ഇന്ത്യ കൂട്ടായ്മ നേതാക്കൾ കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ ഏജൻസികളെ നിയന്ത്രിക്കുന്ന രീതിയിലുള്ള മാർഗനിർദേശം ഇറക്കിയിരുന്നതായും പ്രതിപക്ഷ നേതാക്കൾ ഓർമിപ്പിച്ചു.
മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസറുമായികൂടി ആലോചിക്കാതെ ആദായനികുതിവകുപ്പ് റെയ്ഡുകൾ നടത്തിയതിനെ തുടർന്നാണ് 2019ൽ മാർഗനിർദേശം പുറപ്പെടുവിച്ചത്. സമാനമായ രീതിയിൽ ഇക്കുറിയും തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം ഇറക്കണമെന്നും നേതാക്കൾ പറഞ്ഞു.