കുടുംബത്തെ നഷ്ടപ്പെട്ടു, ഒന്നര വയസുള്ള തന്റെ അനുജൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഗായസിൽ രക്ഷപെട്ട 12 വയസുകാരി അൽമ
ഗാസ സിറ്റി: മൂന്നു മാസം മുമ്പ് ഗാസ സിറ്റിയിലെ തകർന്ന കെട്ടിടത്തിനടിയിൽ നിന്നാണ് രക്ഷാപ്രവർത്തകർ ആ ശബ്ദം കേൾക്കുന്നത്.
ഞാൻ അൽമയാണ്. എന്നെ ആദ്യം സഹായിക്കരുത്. എന്റെ അമ്മയെയും അച്ഛനെയും സഹോദരൻ തരാസനെയും സഹായിക്കൂ. അവൻ കുഞ്ഞാണ്, 18 മാസമാണ് പ്രായം.
അന്ന് 2023 ഡിസംബർ രണ്ട്. 12 വയസ്സുകാരി അൽമ ജരൂർ തകർന്ന അഞ്ചുനില കെട്ടിടത്തിന്റെ താഴെ മൂന്നു മണിക്കൂറായി കിടക്കുകയായിരുന്നു.
എനിക്കെന്റെ സഹോദരങ്ങളെ കാണണം – അവൾ നിലവിളിച്ചു. രക്ഷാപ്രവർത്തകർ അവളെ രക്ഷപ്പെടുത്തി. എന്നാൽ, കുഞ്ഞു തരാസന്റെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചത്. അവളുടെ മുഴുവൻ കുടുംബത്തെയും നഷ്ടമായി. റാഫയിൽ ബന്ധുവിന്റെ കുടുംബത്തോടൊപ്പം ടെന്റിലാണ് അവൾ ഇപ്പോൾ താമസം.
അന്ന് അവശിഷ്ടങ്ങൾക്കിടയിൽ ഉണർന്നത് ഞാൻ ഓർക്കുന്നു. രക്തത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെട്ടു. അത് എന്നിലേക്ക് ഇറ്റിറ്റു വീഴുകയായിരുന്നു. അനുജൻ തരാസൻ ജീവനോടെ ഉണ്ടാകുമെന്നാണ് കരുതിയത്. ഞാൻ അവനെ വിളിച്ച് കരഞ്ഞു.
തരാസന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചത്. അവനെ പൊതിഞ്ഞ തുണി മാറ്റിയപ്പോൾ കണ്ടത് ഛിന്നഭിന്നമായ തലയാണ്. എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി.
അവന് 18 മാസം മാത്രമാണ് പ്രായം. അവൻ ഈ യുദ്ധത്തിൽ എന്ത് തെറ്റാണ് ചെയ്തത് – അൽമ ചോദിച്ചു. ഗാസയിൽ ഇതുവരെ 13,000 കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്ക്.