ബീച്ചുകളിൽ നിന്ന് കല്ലെടുത്താൽ രണ്ടര ലക്ഷം പിഴ
ലൻസറോട്ടെ: കാനറി ദ്വീപുകൾ യാത്രികരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ടയിടമാണ്. എന്നാൽ ഇനി ഇവിടേക്ക് പോകുന്നവർ ഒരൽപ്പം ശ്രദ്ധിക്കണം.
രാജ്യത്തെ ബീച്ചുകളിൽ നിന്ന് ഒർമക്കായി സൂക്ഷിച്ചുവയ്ക്കാൻ ഒരു കല്ലോ അൽപ്പം മണലോ എടുത്തുകൊണ്ടു വരാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ നല്ലുഗ്രൻ പണികിട്ടും.
ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണത്താൽ ദ്വീപുകളിലെ ലൻസറോട്ടെ, ഫ്യൂർടെവെൻചുറ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വെറും മുന്നറിയിപ്പല്ല, നിർദേശം തെറ്റിച്ചാൽ 128 പൗണ്ട്(13478 രൂപ) മുതൽ 2,563 പൗണ്ട്(2,69879 രൂപ) വരെ പിഴ ഈടാക്കുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സന്ദർശിച്ച സ്ഥലങ്ങളിൽ നിന്നും വസ്തുക്കൾ ശേഖരിച്ചു സൂക്ഷിക്കുന്നത് പലരുടെയും ശീലമാണ്. നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും ഈ ശീലക്കാർ കാരണം ലാൻസറോട്ടിൽ ഓരോ വർഷവും ബീച്ചുകളിൽ നിന്ന് ഏകദേശം ഒരു ടൺ അഗ്നിപർവ്വത സ്ഫോടാനാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നഷ്ടപ്പെടുന്നുവെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.
ഫ്യൂർടെവെൻചുറയിലെ പ്രശസ്തമായ പോപ്കോൺ ബീച്ചിൽ നിന്ന് ഒരു ടൺ മണൽ ആണ് എല്ലാ മാസവും നഷ്ടപ്പെടുന്നത്. ഇത് തീരങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അവയെ അപകടത്തിലാക്കുകയും ചെയ്യുന്നു.
നിയമലംഘനം കണ്ടെത്താൻ ലൻസറോട്ടെ, ഫ്യൂർടെവെൻചുറ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പോപ്കോൺ ആകൃതിയിലുള്ള കല്ലുകൾ പിടിക്കപ്പെടുന്ന വിനോദ സഞ്ചാരികൾക്ക് 128 മുതൽ 512 പൗണ്ട് വരെ പിഴ ഈടാക്കും.
കല്ലുകൾ വലിയ അളവിൽ ശേഖരിച്ചു കൊണ്ടു പോകാൻ ശ്രമിച്ചാൽ പരമാവധി പിഴ ഈടാക്കും. എന്നാൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഭൂരിഭാഗം പേരെയും ശിക്ഷിക്കാൻ കഴിയുന്നില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംരക്ഷിത പ്രദേശങ്ങളിൽ നിന്നാണോ ഈ വസ്തുക്കൾ എടുത്തിട്ടുള്ളത് എന്ന് തെളിയിക്കാനുള്ള ബുദ്ധിമുട്ടാണ് കാരണം.
വിനോദ സഞ്ചാരികളുടെ വലിയ തോതിലുള്ള തള്ളിക്കയറ്റം കാനറി ദ്വീപുകളിൽ ആശങ്കകൾ സൃഷ്ടിക്കുന്നതിനിടെയാണ് നിയന്ത്രണം. കടുത്ത വരൾച്ച കാരണം കാനറീസിലെ ടെനെറിഫ് ദ്വീപിൽ അടുത്തിടെ ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വിഭവങ്ങളുടെ ക്ഷാമത്തിന് കാരണമാകുന്നത് ടൂറിസ്റ്റുകളുടെ നിയന്ത്രണമില്ലാത്ത ഉപഭോഗം ആണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നത്.
ഒരു ഹോട്ടലിൽ താമസിക്കുന്ന ഒരു അതിഥി ഒരു പ്രദേശവാസിയേക്കാൾ നാലിരട്ടി വെള്ളം ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. പത്തു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ടെനെറിഫിൽ കഴിഞ്ഞ വർഷം 50 ലക്ഷത്തിലധികം വിനോദ സഞ്ചാരിളാണ് സന്ദർശിച്ചത്. വിഭവങ്ങളുടെ സമ്മർദ്ദം തുടരുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.