ഋത്വിക് പ്രോജക്ട്സ് നിർമാണ കമ്പനി കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കൈമാറിയത് 30 കോടി രൂപ
ന്യൂഡൽഹി: ആന്ധ്രയിൽ നിന്നുള്ള ബി.ജെ.പി എം.പി സി.എം രമേശിന്റെ ഋത്വിക് പ്രോജക്ട്സ് നിർമാണ കമ്പനി കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കൈമാറിയത് 30 കോടി രൂപ.
പകരമായി ഹിമാചലിൽ 1098 കോടി രൂപയുടെ അണക്കെട്ട് നിർമാണ പദ്ധതി ഈ കമ്പനി സ്വന്തമാക്കി. 2023 മാർച്ച് 22നാണ് ഹിമാചലിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്.വി.ജെ.എൻ ലിമിറ്റഡ് ഋത്വിക് പ്രോജക്ട്സുമായി സുന്നി അണക്കെട്ട് പദ്ധതിക്കായി 1098 കോടിയുടെ കരാറിൽ ഒപ്പുവച്ചത്.
2023 ഏപ്രിൽ 11ന് ഋത്വിക് പ്രോജക്ട്സ് 30 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി കോൺഗ്രസിന് കൈമാറി. ആകെ 45 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഋത്വിക് കമ്പനി വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത്.
അതിൽ 66 ശതമാനവും കിട്ടിയത് കോൺഗ്രസിനാണ്. ഇലക്ടറൽ ബോണ്ടുകളിലൂടെ ആകെ 1952 കോടി രൂപയാണ് 2018 മാർച്ചുമുതൽ 2024 ഫെബ്രുവരി വരെ കോൺഗ്രസിന് ലഭിച്ചത്.
ആകെ വിറ്റുപോയ ബോണ്ടുകളുടെ 11 ശതമാനം. എസ്ബിഐ പുറത്തുവിട്ട 2019 ഏപ്രിൽ മുതലുള്ള കണക്ക് പ്രകാരം കോൺഗ്രസിന് 1421.86 കോടി കിട്ടി. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള എം.കെ.ജെ ഗ്രൂപ്പും സഹസ്ഥാപനങ്ങളുമാണ് ഏറ്റവും കൂടുതൽ പണം കോൺഗ്രസിന് കൈമാറിയത് 160.6 കോടി രൂപ.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള മേഘ എൻജിനിയറിങ് ലിമിറ്റഡും സഹസ്ഥാപനമായ വെസ്റ്റേൺ യു.പി പവർ ട്രാൻസ്മിഷൻ കമ്പനിയും കോൺഗ്രസിന് 128 കോടി നൽകി.
ഇതിൽ 110 കോടിയും വെസ്റ്റേൺ യു.പി പവർ ട്രാൻസ്മിഷനാണ് നൽകിയത്. രാജ്യത്തെ പ്രധാന ഖനി കുത്തകയായ വേദാന്ത ഗ്രൂപ്പും കോൺഗ്രസിന് 125 കോടി രൂപ നൽകി.
യശോദ ഹോസ്പിറ്റൽ ഗ്രൂപ്പ് 64 കോടിയും സാന്റിയാഗോ മാർട്ടിൻ 50 കോടിയും നൽകി. കർണാടകത്തിൽ അധികാരത്തിലെത്തിയ 2023ലാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതൽ പണം കോൺഗ്രസിന് കിട്ടിയത് 793 കോടി രൂപ.