ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് കൂടും പോലും; തോമസ് ഐസക്
തിരുവനന്തപുരം: മാതൃഭൂമി ചാനൽ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സർവേകളെ കളിയാക്കി പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്.
രാഷ്ട്രീയത്തിലോ പൊതുപ്രവർത്തനരംഗത്തോ യാതൊരു പരിചയവുമില്ലാത്തതുകൊണ്ട് സ്വന്തം പാർട്ടിയിലെ അണികളും നേതാക്കളും പരസ്യമായിത്തന്നെ തിരസ്കരിച്ചു കഴിഞ്ഞ സ്ഥാനാർത്ഥിയാണ് ബി.ജെ.പിയ്ക്ക് പത്തനംതിട്ടയിലുള്ളത്.
ആ സ്ഥാനാർത്ഥിയ്ക്കാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ടു കിട്ടുമെന്ന് മാതൃഭൂമിയുടെ സർവെ പ്രവചിക്കുന്നത്.
തട്ടിക്കൂട്ടിയാലല്ലാതെ, മാനിപ്പുലേറ്റു ചെയ്താലല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്താനാവില്ലെന്ന് തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ - മാതൃഭൂമി ചാനൽ പ്രസിദ്ധീകരിക്കുന്ന അഭിപ്രായസർവെ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അതൊരു തട്ടിക്കൂട്ടു പരിപാടിയാണെന്നു പറയാൻ കാരണങ്ങൾ ധാരാളമുണ്ട്. തട്ടിക്കൂട്ടാനും മാനിപ്പുലേറ്റു ചെയ്യാനും അത്യധ്വാനം ചെയ്യുമ്പോൾപ്പോലും ചില കാര്യങ്ങൾ അറിയാതെ പുറത്തുവരും. പത്തനംതിട്ടയെ സംബന്ധിച്ച് ആ സർവെയ്ക്ക് മറച്ചുവെയ്ക്കാൻ കഴിയാത്ത സുപ്രധാനമായ കാര്യം ഏതാണ്?. നിലവിലെ എംപിയുടെ ജനപിന്തുണ അഞ്ചു ശതമാനത്തോളം ഇടിഞ്ഞിരിക്കുന്നു എന്ന് ആ സർവെ തന്നെ പറയുന്നു. കഴിഞ്ഞ തവണ 37 ശതമാനം വോട്ടു കിട്ടിയ യുഡിഎഫിന് ഇപ്പോൾ 32 ശതമാനമേയുള്ളൂ.
എൽഡിഎഫിന്റെ വിഹിതം നമുക്കു പിന്നീട് നോക്കാം. യുഡിഎഫിനുണ്ടാകുന്ന വോട്ടു നഷ്ടം മൊത്തമായി ബിജെപി വിഴുങ്ങിയെന്നാണ് സർവെ പ്രവചിക്കുന്നത്. ബിജെപിയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ 28 ശതമാനം 31 ശതമാനമായി കുതിച്ചുയരുമത്രേ! യാഥാർത്ഥ്യമെന്താണ്?
പത്തനംതിട്ടയിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ സർവകാല പൊട്ടിത്തെറിയാണ് ബിജെപിയിലുണ്ടായത്. ഈ സ്ഥാനാർത്ഥി ഒരു ലക്ഷം വോട്ടുപോലും നേടില്ലെന്ന് കർഷകമോർച്ചയുടെ ജില്ലാ പ്രസിഡന്റ് പരസ്യമായി തുറന്നടിച്ചു. അദ്ദേഹത്തെ ബിജെപിയ്ക്കു പുറത്താക്കേണ്ടി വന്നു. വേറെയും ചില എതിരഭിപ്രായങ്ങൾ പരസ്യമായിത്തന്നെ ഉയർന്നു വന്നു. അതിനുശേഷം ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് സിപിഎമ്മിനോടു പരസ്യമായി ബന്ധം സ്ഥാപിച്ച് ബിജെപിയിൽ നിന്ന് പത്തനംതിട്ടയിൽ പിന്മാറിയിട്ടുള്ളത്. അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പല ബിജെപി പ്രവർത്തകരുടെയും പ്രതിഷേധം ഇപ്പോഴും വിട്ടുപോയിട്ടില്ല. പലരും എൽഡിഎഫ് സ്ഥാനാർത്ഥിയായ എന്നെ ബന്ധപ്പെടുന്നുണ്ട്.
അതായത്, ഈ മണ്ഡലത്തിലെ സാധാരണ ബിജെപി പ്രവർത്തകർക്കുപോലും അസ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെയാണ് അവർ അവതരിപ്പിച്ചത്. രാഷ്ട്രീയത്തിലോ പൊതുപ്രവർത്തനരംഗത്തോ യാതൊരു പരിചയവുമില്ലാത്തതുകൊണ്ട് സ്വന്തം പാർടിയിലെ അണികളും നേതാക്കളും പരസ്യമായിത്തന്നെ തിരസ്കരിച്ചു കഴിഞ്ഞ സ്ഥാനാർത്ഥിയാണ് ബിജെപിയ്ക്ക് പത്തനംതിട്ടയിലുള്ളത്.
ആ സ്ഥാനാർത്ഥിയ്ക്കാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ടു കിട്ടുമെന്ന് മാതൃഭൂമിയുടെ സർവെ പ്രവചിക്കുന്നത്. തട്ടിക്കൂട്ടിയാലല്ലാതെ, മാനിപ്പുലേറ്റു ചെയ്താലല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്താനാവില്ല. മാതൃഭൂമി പ്രവചിക്കുന്ന വോട്ടുവിഹിതം ബിജെപിയ്ക്ക് പത്തനംതിട്ടയിൽ കിട്ടണമെങ്കിൽ എന്തൊക്കെ സംഭവിക്കണമെന്നു നോക്കൂ. 2019ൽ അവർക്കു കിട്ടിയ 29 ശതമാനം വോട്ട് 2021ൽ 19 ശതമാനമായി താണു. മുമ്പെങ്ങുമില്ലാത്തവിധം വർഗീയപ്രചരണം ആളിക്കത്തിച്ചുകൊണ്ട് അവരുടെ സംസ്ഥാന അധ്യക്ഷൻ നേരിട്ടിറങ്ങി സമാഹരിച്ച വോട്ടുവിഹിതമാണ് 2021ൽ പിറകോട്ടു പോയത്.
ഏറ്റവും കൌതുകമുള്ള കണക്ക് കോന്നിയിലേതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചപ്പോൾ കോന്നി മണ്ഡലത്തിൽ നിന്ന് അദ്ദേഹം നേടിയത് 46506 വോട്ടാണ്. 32.17 ശതമാനം വോട്ട്. അതേ സുരേന്ദ്രൻ തന്നെയായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി. അന്ന് കിട്ടിയതോ, 32811 വോട്ട്. 21.81 ശതമാനം. സുരേന്ദ്രനു തന്നെ കോന്നിയിൽ 11 ശതമാനം വോട്ടു കുറഞ്ഞു.
മറ്റു മണ്ഡലങ്ങളുടെ കണക്കുകൂടി നോക്കാം. 2019, 2021 തിരഞ്ഞെടുപ്പുകളുടെ താരതമ്യമാണ്. കാഞ്ഞിരപ്പള്ളിയിൽ 26 ശതമാനത്തിൽ നിന്ന് 21 ശതമാനമായി കുറഞ്ഞു. പൂഞ്ഞാറിൽ 22 ശതമാനത്തിൽ നിന്ന് 29 ശതമാനമായി. അത് പിസി ജോർജിന്റെ മാത്രം സംഭാവനയാണ്. അത് ഇക്കുറിയും അതുപോലെയെങ്കിലും കിട്ടുമോ എന്ന് കണ്ടറിയണം.
തിരുവല്ലയിൽ 27 ശതമാനം 16 ശതമാനമായി ഇടിഞ്ഞു.
റാന്നിയിൽ 29 ശതമാനം 15 ശതമാനമായി ഇടിഞ്ഞു.
അടൂരിൽ 32 ശതമാനം 15 ശതമാനമായി ഇടിഞ്ഞു
ആറന്മുളയിൽ 30 ശതമാനം 18 ശതമാനമായി ഇടിഞ്ഞു.
നോക്കൂ. ആകെ ഏഴു മണ്ഡലങ്ങളിൽ നാലെണ്ണത്തിന്റെയും ശരാശരി 16 ശതമാനം മാത്രമാണ്. ഇത് 30 ശതമാനമായി കുതിച്ചുയരുമെന്നാണ് മാതൃഭൂമിയുടെ പ്രവചനം. ഡാറ്റ മാനിപ്പുലേറ്റു ചെയ്തുകൊണ്ടല്ലാതെ ഒരിക്കലും ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എത്താനാവില്ല.
എന്തിനാണ് ഈ തരികിട അഭ്യാസം? 2019 - ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ തോൽപ്പിച്ചതിൽ വോട്ടെടുപ്പിനു മുമ്പ് നടത്തിയ അഭിപ്രായ സർവ്വേ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുഡിഎഫ് ഒന്നാംസ്ഥാനത്ത്, തൊട്ടടുത്ത് ബിജെപി രണ്ടാംസ്ഥാനത്ത്. എൽഡിഎഫ് ദൂരെ മൂന്നാംസ്ഥാനത്ത്. ഇതായിരുന്നു സർവെ പ്രവചിച്ച സാഹചര്യം.
ബിജെപി സ്ഥാനാർത്ഥി വിജയിക്കുമോയെന്ന് മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കസൃഷ്ടിക്കലായിരുന്നു സർവ്വേയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു. എൽഡിഎഫിനു കിട്ടേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഗണ്യമായൊരു പങ്ക് ബിജെപി വിജയം തടയുന്നതിനുവേണ്ടി യുഡിഎഫിലേക്കു മാറി. രണ്ടാംസ്ഥാനത്ത് എൽഡിഎഫ് ആയിരുന്നെങ്കിലും 40,000 വോട്ടിന് യുഡിഎഫ് വിജയിച്ചു.
സമാനമാണ് മാതൃഭൂമിയുടെ അഭ്യാസവും. 2019 ആവർത്തിപ്പിക്കാനുള്ള ശ്രമമാണ്. അവരോട് ഒന്നേ പറയാനുള്ളൂ. ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകുമെന്നു കരുതേണ്ട. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നല്ലോ മോദിയുടെ സന്ദർശനം. അതൊക്കെ വോട്ടർമാർക്കിടയിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനും സർവെയ്ക്ക് ഫണ്ടിറക്കിയവർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടാകും. എന്തായാലും ഈ തട്ടിക്കൂട്ട് സർവ്വേ കൊണ്ടൊന്നും സർവെക്കാരും മാതൃഭൂമിയും ഉദ്ദേശിച്ചതൊന്നും നടക്കാൻ പോകുന്നില്ല.