കെ.സി ഗ്രൂപ്പിനെതിരെ തുറന്ന പോരിന് ചെന്നിത്തല
കൊല്ലം: രമേശ് ചെന്നിത്തല വിഭാഗം കൊല്ലം നിയോജക മണ്ഡലം കൺവൻഷൻ ബഹിഷ്കരിച്ചതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിൽ.
കെ.സി വേണുഗോപാൽ ഗ്രൂപ്പിന്റെ പിടിച്ചെടുക്കൽ നയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും അതിൽ മാറ്റമുണ്ടാകാതിരുന്നാൽ നിസ്സഹകരണം തുടരുമെന്നുമുള്ള നിലപാടിലാണ് ചെന്നിത്തല വിഭാഗം. എ ഗ്രൂപ്പും ഇതിനെ പിന്തുണയ്ക്കുന്നു.
കോൺഗ്രസിലെ ഗ്രൂപ്പുപോരിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന ആവശ്യം യു.ഡി.എഫ് സ്ഥാനാർഥിയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു.
ഏഴു നിയോജക മണ്ഡലങ്ങളിൽ ഒടുവിലത്തെ കൺവൻഷനായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതു കൊല്ലത്തു നടത്തിയാൽ ആളുണ്ടാകില്ലെന്ന് പറഞ്ഞാണ് അഞ്ചാലുംമൂട്ടിലേക്ക് മാറ്റിയത്.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണയുടെ നിർബന്ധത്തിലാണ് മാനദണ്ഡം ലംഘിച്ച് അവരെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സണായി ചുമതല ഏൽപ്പിച്ചത്.
ഇതിൽ കെ.സി വിഭാഗത്തിലും അമർഷമുണ്ട്. കോൺഗ്രസ് നേരത്തെ നടത്തിയ കുറ്റവിചാരണ സദസ്സിന്റെ സംഘാടകസമിതി ഭാരവാഹിയാകുന്നതിനും ബിന്ദു കൃഷ്ണ സമാന നിലപാടെടുത്തിരുന്നു.
കെ.പി.സി.സി അംഗമായ മുതിർന്ന നേതാവ് എ.കെ ഹഫീസ് കൺവൻഷൻ ബഹിഷ്കരിക്കാനെടുത്ത തീരുമാനം പെട്ടെന്നുണ്ടായതല്ല. ചെന്നിത്തല, എ ഗ്രൂപ്പ് വിഭാഗക്കാർ പാർടിയിൽ കുറെ നാളായി നേരിടുന്ന അവഗണനയുടെ തുടർച്ചയാണ്.
കെ.സി ഗ്രൂപ്പ് രൂപംകൊണ്ട ശേഷം കെ.പി.സി.സി ഭാരവാഹികളായ ബിന്ദുകൃഷ്ണ, പഴകുളം മധു, എം.എം നസീർ എന്നിവർ ചേർന്ന് എല്ലാം കൈയടക്കുന്നുവെന്ന ആക്ഷേപം മറ്റുനേതാക്കൾക്കിടയിൽ ശക്തമാണ്.
ഡി.സി.സി പ്രസിഡന്റ് ഒന്നിലും ഇടപെടാതെ സ്വന്തം സുരക്ഷയിൽ കേന്ദ്രീകരിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. കൺവൻഷൻ ബഹിഷ്കരണത്തിന് നേതൃത്വം നൽകിയ ഹഫീസിന് ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ ശക്തമായ പിന്തുണയുണ്ട്.
എൻ.കെ പ്രേമചന്ദ്രനെ തുറന്നെതിർത്ത കോൺഗ്രസ് നേതാവാണ് ചന്ദ്രശേഖരൻ. ചെന്നിത്തല വിഭാഗത്തിന് അർഹമായ പരിഗണന കിട്ടണമെന്ന നിലപാട് കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. ചവറ നിയോജക മണ്ഡലം കൺവീനർ സ്ഥാനത്തെചൊല്ലി ആർ.എസ്.പിക്കുള്ളിലും പൊട്ടിത്തെറിയുണ്ടായിരുന്നു.
ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ യു.ഡി.എഫ് മണ്ഡലം കൺവീനർ പദവി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ സാലിക്ക് ഒഴിഞ്ഞു കൊടുക്കാത്തതാണ് ചവറയിലെ പ്രതിസന്ധി. ഷിബു ബേബി ജോണിന്റെ വിശ്വസ്തനാണ് ജസ്റ്റിൻജോൺ. എൻ.കെ പ്രേമചന്ദ്രനൊപ്പമാണ് സാലി.