കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ തുടങ്ങി
ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അഡീഷണൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്.
അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. അതേസമയം കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലില്‍ കിടന്നു കൊണ്ട് ചുമതലകള്‍ നിറവേറ്റുമെന്നും എ.എ.പി വ്യക്തമാക്കി.
രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് കേന്ദ്രസർക്കാറിന്റെ പ്രതികാര നടപടി. വ്യാഴാഴ്ച വൈകിട്ട് 12 ഇ.ഡി ഉദ്യോഗസ്ഥർ വൻ പൊലീസ് അകമ്പടിയോടെ കെജ്രിവാളിന്റെ സിവിൽ ലൈൻസ് മേഖലയിലെ വസതിയിലെത്തി.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 50ആം വകുപ്പ് പ്രകാരം മൊഴിയെടുത്തു. ഫോണുകൾ പിടിച്ചെടുത്തു. രാത്രി ഒമ്പതു കഴിഞ്ഞാണ് അറസ്റ്റ്.
ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് കെജ്രിവാളിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് രാത്രി പതിനൊന്നരയോടെ ലോക്കപ്പിലാക്കി.
സ്വകാര്യ കമ്പനികൾക്ക് നേട്ടമാകും വിധം 2021 - 2022ൽ ഡൽഹി സർക്കാർ മദ്യനയം ആവിഷ്കരിച്ചെന്നും ഇതിലൂടെ എ.എ.പിക്ക് 100 കോടി രൂപ കോഴ ലഭിച്ചെന്നും ആരോപിച്ച് ലഫ്. ജനറലിന്റെ ഉത്തരവ് പ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്.
മദ്യനയം സർക്കാർ പിൻവലിച്ചിരുന്നു. രണ്ട് വർഷമായുള്ള ഇ.ഡി അന്വേഷണത്തിൽ 100 കോടിയിൽ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല.
മന്ത്രിമാരും നേതാക്കളുമടക്കമുള്ള എ.എ.പി പ്രവർത്തകർ കെജ്രിവാളിന്റെ വസതിക്കു മുന്നിൽ തടിച്ചുകൂടി. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി.
ജയിലിൽ പോയാലും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി മർലേന പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എ.എ.പി രാജ്യസഭാംഗം സഞ്ജയ് സിങ്, എ.എ.പി നേതാവ് വിജയ് നായർ, ബി.ആർ.എസ് നേതാവ് കെ കവിത എന്നിവരെ നേരത്തേ ഈ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ടറൽ ബോണ്ട് കേസ്, ഗവർണർമാരെ രാഷ്ട്രീയ പാവകളാക്കിയതിനെതിരായ കേസുകൾ, പി.ഐ.ബിയുടെ സെൻസർഷിപ്പ് നീക്കം തുടങ്ങിയവയിൽ സുപ്രീംകോടതിയിൽ കേന്ദ്രം വൻ തിരിച്ചടി നേരിട്ടതോടെയാണ് പ്രതിപക്ഷസഖ്യത്തിലെ നേതാക്കൾക്കെതിരെ നീക്കം ശക്തമാക്കിയത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. എന്നാൽ, ജാർഖണ്ഡിലെ ജെ.എം.എം സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.