ഭക്ഷണവും മരുന്നും കിട്ടാതെ വടക്കൻ ഗാസയില്‍ രണ്ടു ലക്ഷത്തോളം പേര് പട്ടിണിയില്‍
ഗാസ സിറ്റി: പലസ്തീന് മേഖലയിലേക്കുള്ള സഹായവിതരണം പൂര്‍ണമായി തടസ്സപ്പെടുത്തി ഇസ്രയേല്‍ കടന്നാക്രമണം രൂക്ഷമാക്കിയതോടെ ഭക്ഷണവും മരുന്നും കിട്ടാതെ വടക്കൻ ഗാസയില്‍ രണ്ടു ലക്ഷത്തോളം പേര് പട്ടിണിയില്‍.
അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന 100 സന്നദ്ധ സേനാംഗങ്ങളെ ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ വധിച്ചതോടെ മൂന്ന് ദിവസമായി മേഖല കൊടുംപട്ടിണിയില്‍.
ചികിത്സ കിട്ടാതെയും ഭക്ഷണമില്ലാതെയും കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോഴും ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ബോംബ് വര്‍ഷം തുടരുന്നു.
ഗാസയിൽ ഇതുവരെ 13,450 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ് വെളിപ്പെടുത്തി. നാല് വർഷത്തിനിടെ ലോകത്ത് ആകെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.
കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പടെ 90 പേർ കൊല്ലപ്പെട്ടു. നാലാം തവണയാണ് ഈ ആശുപത്രി ആക്രമിക്കപ്പെടുന്നത്.
ശരീര അവശിഷ്ടങ്ങളും മൃതദേഹങ്ങളും ആശുപത്രി പരിസരത്ത് ചിതറി കിടക്കുകയാണെന്ന് അല്‍ ജസീറ റ്റി.വി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റും വിശന്നും അർധജീവനുമായി ആശുപത്രിയിലെത്തിക്കുന്ന കുഞ്ഞുങ്ങൾക്ക് വേദനസംഹാരി പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡോക്ടർമാർ പറയുന്നു.
ഗാസയില്‍ 24 മണിക്കൂറില്‍ 104 പേർകൂടി കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ കടന്നാക്രമുണ്ടായശേഷമുള്ള മരണം 32,000 ആയി.
23 ലക്ഷത്തോളം ഗാസവാസികളില് പകുതിയോളം പേരും കടുത്ത പട്ടിണിയിലാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
റാഫ അതിര്‍ത്തിയില്‍ സഹായവുമായി നിരവധി ട്രക്കുകള്‍ എത്തിയെങ്കിലും വിതരണം ചെയ്യാനായിട്ടില്ല. സൈനികനീക്കത്തില്‍ പട്ടിണി ആയുധമാക്കരുതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇസ്രയേല്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കുനേരെ 410 തവണ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. 685 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. 104 ആംബുലൻസ് തകർക്കപ്പെട്ടു. ഇതോടെ ആരോഗ്യ സംവിധാനം താറുമാറായി.