ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങി. ഏപ്രിൽ 19ന് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിലേക്കാണ് വോട്ടെടുപ്പ്.
നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഉത്സവം പ്രമാണിച്ച് ബിഹാറിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 28നാണ്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 28നാണ്. ബിഹാറിൽ മാർച്ച് 30നും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30നും ബിഹാറിൽ ഇത് ഏപ്രിൽ രണ്ടിനും ആണ്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
ആകെ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25, ജൂൺ ഒന്ന് തീയതികളിലാണു വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.