ഇ.എം.എസ് അനുസ്മരണം നടത്തി, തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി
തിരുവനന്തപുരം: ഇ.എം.എസിന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി കേരളം. സി.പി.ഐ(എം) നേതൃത്വത്തിൽ സംസ്ഥാനത്തെങ്ങും പ്രഭാതഭേരിയും അനുസ്മരണ പരിപാടികളും നടന്നു.
പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാകയുയർത്തി. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി.
നിയമസഭാ വളപ്പിലെ ഇ.എം.എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തി. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ് സ്ഥാനാർഥികളായ വി ജോയി, പന്ന്യൻ രവീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഇ.എം.എസിന്റെ മകൾ ഇ.എം രാധ തുടങ്ങിയവർ പങ്കെടുത്തു.
ഇ.എം.എസ് അക്കാദമിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി. ദേശാഭിമാനി ആസ്ഥാനത്ത് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരൻ അധ്യക്ഷനായി.
എറണാകുളത്ത് ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി. സി.പി.ഐ(എം) ഉദയംപേരൂർ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ എം ആർ വിദ്യാധരൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം റ്റി.സി ഷിബുവും തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.കെ പരീതും പതാക ഉയർത്തി.
കോതമംഗലം വായനശാലപ്പടിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അസോസിയറ്റ് എഡിറ്റർ സി ശ്രീകുമാറും പതാക ഉയർത്തി.