തന്റെ വാക്കുകളെ മോദി വളച്ചൊടിക്കുകയാണെന്ന് രാഹുൽ
ന്യൂഡൽഹി: തന്റെ വാക്കുകളെ പ്രധാനമന്ത്രി എപ്പോഴും വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ശക്തി പരാമർശം വിവാദമായതോടെ സാമൂഹ്യമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളെയടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് പ്രധാനമന്ത്രിയാണ്.
ഞാൻ പറഞ്ഞതിന്റെ അർഥം അദ്ദേഹത്തിന് നല്ല രീതിയിൽ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുന്നതെന്നും തെറ്റിധാരണ പരത്തുന്നതെന്നും രാഹുൽ ആരോപിച്ചു.
സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ്,തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി കീഴടക്കിവെച്ചിരിക്കുകയാണെന്നും ഇതിനെയാണ് താൻ ശക്തിയെന്ന രീതിയൽ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ഞായറാഴ്ച നടന്ന ഇന്ത്യമുന്നണിയുടെ റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. നമ്മുടെ പോരാട്ടം ശക്തിക്കെതിരെ എന്നായിരുന്നു.
രാജാവിന്റെ ആത്മാവ് ഇ.വി യന്ത്രത്തിലും കേന്ദ്ര അന്വേഷണ ഏജൻസികളിലുമാണെന്നും ഈ ശക്തിയെപ്പറ്റിയാണ് താൻ പറയുന്നതെന്നും മോദിയെ ഉദ്ധരിച്ച് രാഹുൽ പറഞ്ഞിരുന്നു.
എന്നാൽ നാരീശക്തിയെ തകർക്കാനാണ് ഇന്ത്യമുന്നണിയുടെ ശ്രമം എന്നായിരുന്നു തെലങ്കാനയിൽ മോദിയുടെ പരാമർശം. ശക്തിയെ ആക്രമിക്കുന്നത് സ്ത്രീ ശക്തിയെ ആക്രമിക്കുന്നതിന് തുല്യമാണ്.
രാജ്യത്തെ അമ്മമാരും പെൺമക്കളും ഇതിനുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാരീശക്തിയുടെ ഉയർച്ചയെ കോൺഗ്രസ് വെറുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.