വീണ്ടും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ പുടിൻ
മോസ്കോ: എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കി അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ പുടിൻ. തിങ്കളാഴ്ച വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പുടിന് 87.83 ശതമാനം വോട്ട് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
2030 വരെ പുടിന് അധികാരത്തില്‍ തുടരാം. ഇതോടെ സ്റ്റാലിനുശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവായി പുടിന് മാറും. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന് 7.6 കോടി വോട്ടാണ് ലഭിച്ചത്.
നാലു ശതമാനം വോട്ട് നേടി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാർഥി നിക്കോളായ് ഖാരിതൊനോവ് രണ്ടാം സ്ഥാനത്തെത്തി. ഉക്രയ്നിലെ സൈനികനീക്കത്തെ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പുടിന് പ്രതികരിച്ചു.
റെക്കോഡ് പോളിങ്ങാണ് റഷ്യയിൽ ഇത്തവണ നടന്നത്. 77.44 ശതമാനം പേർ വോട്ട് ചെയ്തു. 2018ൽ ഇത് 67.5 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പിൽ പുടിൻ വിജയിക്കുമെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു.
ചൈന, ഉത്തര കൊറിയ, ഹോണ്ടുറാസ്, നിക്കരാഗ്വ, വെനസ്വേല, തജികിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പുടിനെ അഭിനന്ദിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
കടുത്ത പുടിന് വിമര്‍ശകനായ അലക്സി നവ്ലാനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല.
1999ല്‍ പ്രസിഡന്റ് ബോറിസ് യെല്സിന് പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് ആദ്യമായി അധികാരത്തിലെത്തുന്നത്. 1999 ഡിസംബര്‍ 31ന് യെല്സിന് രാജിവച്ചതോടെ ആക്ടിങ് പ്രസിഡന്റായി. 2000 മെയ് ഏഴിന് പുടിന് റഷ്യന്‍ പ്രസിഡന്റായി.