ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരിൽ അതുല്യൻ, അദ്ദേഹത്തിന് വില ഇടരുത്; എം.എ ബേബി
തിരുവനന്തപുരം: കലാമണ്ഡലം ഗോപിയാശാനെപ്പോലെയുള്ള ഒരു അവതാരപുരുഷന് വിലയിടരുതെന്നും ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് അദ്ദേഹമെന്നും സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
വർഗീയ രാഷ്ട്രീയത്തിനായി നില്ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയെ പരാമർശിച്ച് എം.എ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് അനുഗ്രഹം തേടി കലാമണ്ഡലം ഗോപിയാശാനെ വീട്ടിൽ ചെന്ന് സുരേഷ് ഗോപി കാണുന്നതിനെ തടഞ്ഞു ഗോപിയാശാന്റെ മകൻ കഴിഞ്ഞ ദിവസം എഫ്.ബി പോസ്റ്റ് ഇട്ടത് ചർച്ചയായിരുന്നു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപിയെന്ന് മാത്രം മനസിലാക്കുകയെന്ന് മകൻ പറഞ്ഞിരുന്നു.
എം.എ ബേബിയുടെ പോസ്റ്റ്: ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപിആശാൻ. നാട്ടിൽ കലാപ്രതിഭകൾവിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു. പക്ഷേ, അവർ കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് വിലയിടരുത്. ഗോപിയാശാൻറെ അസാമാന്യ പ്രതിഭ ജന്മസിദ്ധവും , അസാധാരണസാധകത്തിലൂടെയും രാമൻകുട്ടിനായരാശാനെപ്പോലെ അത്ഭുതസിദ്ധിയുള്ള ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും വികസിപ്പിച്ചെടുത്തതാണ്. അതിനാലാണ് അവതാരപുരുഷൻ എന്ന് ഒരർത്ഥത്തിൽ വിശേഷിപ്പിച്ചത്.
ഭൂരിപക്ഷ മതത്തിന്റെ ഹീനമായവർഗ്ഗീയ-ആധിപത്യരാഷ്ട്രീയത്തിന് ആത്മാവ് പണയപ്പെടുത്തിയ ആളാണ് സുരേഷ്. സുരേഷിൽ ഉണ്ടായിരുന്ന കലാകാരനെ അങ്ങിനെ സുരേഷ് റദ്ദു ചെയ്തു. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് ഇവർ മുസ്ലിം, ഇവർ ക്രിസ്ത്യാനി, ഇവർ താണജാതി എന്നു പറയുന്ന വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി, രാജ്യത്തെ എല്ലാ ആവിഷ്കാരസ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ല. വർഗീയ രാഷ്ട്രീയത്തിനായി നില്ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നത്.