ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് പ്രിൻസിപ്പലിനെ രൂക്ഷമായി വിമർശിച്ച് ജി വേണുഗോപാൽ
തിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജിലുണ്ടായ സംഭവത്തില്‍ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് പിന്നണി ഗായകന് ജി വേണുഗോപാല്‍.
ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസപ്പെടുത്തുകയെന്ന് പറയുന്നത് സംസ്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്നും വേണുഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ഒരു കോളെജ് പ്രിൻസിപ്പലാണ് ഇത് ചെയ്തതെന്ന് കേൾക്കുമ്പോൾ നടുക്കമുണ്ടായതായും വേണുഗോപാൽ പറയുന്നു. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം.
നല്ല അധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി.
എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ച് പാടിപ്പിച്ചയാളാണ് ജാസി.
മലയാള സിനിമാ സംഗീതം ജാസിക്ക് മന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണെന്നും വേണുഗോപാല്‍ പോസ്റ്റില്‍ കുറിച്ചു.
ഫോർ ദി പീപ്പിളിനായി താൻ പാടിയിട്ടും പുറത്ത് വരാത്ത ഗാനത്തെ കുറിച്ച് "അതെന്റെ കയ്യിൽ നിന്നും പോയി ചേട്ടാ " എന്ന് ജാസി നിരാശയോടെ പറയും.
ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്.
കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണമെന്നും ഈ സംഭവം വച്ച് ജാസി ഒരു റാപ്പും തയാറാക്കുമെന്നും വേണുഗോപാൽ പറയുന്നു.
കഴിഞ്ഞ ദിവസം എറണാംകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ ജാസി ഗിഫറ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ പാട്ട് പൂര്‍ത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.