കുരിശ്പൊളിച്ചതും പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കല്‍ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അര്‍ദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്. കൈയേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ അത് വിവേകത്തോടെ ചെയ്യണമെന്നും പിണറായി യോഗത്തിൽ പറഞ്ഞു. ഇടുക്കിയിലെ പട്ടയമേളയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ചേർത്തത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കണമെന്നും യോഗം നിശ്ചയിച്ചു.
സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്ക്കാന് കഴിയില്ല. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കലക്ടരും ജില്ലയിലെ പൊലീസ് മേധാവിയും മറ്റു അധികാരികളും തമ്മില്‍ ഊഷ്മള ബന്ധമുണ്ടാകണം. അതിനാവശ്യമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഇത്തരം വിഷയങ്ങളില്‍ ജില്ലയില്‍നിന്നുളള മന്ത്രി എം.എം.മണിയുമായും കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൈയേറ്റങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. എന്നാല്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ ഭാഗം കേള്‍ക്കുകയും വേണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ട് പോകാം. വന്‍കിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാവണം മുന്‍ഗണന നല്‍കേണ്ടത്. പത്തു സെന്റ് വരെ ഭൂമിയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തില്‍ കൈയേറ്റമാണെങ്കിൽ പോലും പ്രത്യേക പരിശോധന വേണം. എന്നാല്‍ പത്തുസെന്റില്‍ കൂടുതല്‍ ഭൂമി കൈയേറിയവരിൽ നിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നും യോഗത്തിൽ തീരുമാനമായി.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി കണ്ട് നടപ്പാക്കണമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പത്തുസെന്റില്‍ താഴെ ഭൂമിയുള്ളവരെ ഒഴിപ്പിക്കേണ്ടതില്ല. അവരെയല്ല ലക്ഷ്യം വെക്കേണ്ടത്. ഇക്കാര്യങ്ങള്‍ താന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയതാണ്. ഇടുക്കിയിലെ അഞ്ച് താലൂക്കിലുള്ള ഭൂരഹിതരുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കി അവര്‍ക്ക് ലൈഫ് മിഷന് കീഴില്‍ വീട് നല്‍കമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഭൂരഹിതര്‍ക്ക് പട്ടയവിതരണം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നും അതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും. അതില്‍ പതിനായിരം കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം നല്കാന് ഊര്‍ജിത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, വൈദ്യുതി മന്ത്രി എം എം മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്, ഇടുക്കി കലക്ടര്‍ ജി ആര് ഗോകുല്‍, സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എന്നിവരും പങ്കെടുത്തു.