മോദി കുടുംബം ക്യാംപെയിൻ; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട കുടുംബാംഗമെന്ന അഭിസംബോധന ചെയ്ത തുടങ്ങുന്ന കത്തിൽ കഴിഞ്ഞ 10 വർഷത്തെ തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നു.
വികസിത് ഭാരത് സങ്കല്പ്പെന്ന പേരിലുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. മോദി കുടുംബം ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു ഏറ്റവും വലിയ നേട്ടം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ കാരണമായത്.
വികസിത ഭാരതത്തിനായി കൈകോര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകള്‍, എല്ലാവര്ക്കും വൈദ്യുതി, വെള്ളം, എല്‍.പി.ജി ലഭ്യത, ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകള്‍ക്ക് സഹായം തുടങ്ങി തന്റെ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും കത്തലുണ്ട്.
ജി.എസ്.റ്റി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖിനെതിരായ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകള്‍, വനിതാ സംവരണ നിയമം, പുതിയ പാര്‍ലമെന്റ് മന്ദിരം എന്നിങ്ങനെയുള്ള ചുവടുവയ്പ്പുകൾ ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും കത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചതിനു പിന്നില്‍ ജനങ്ങളുടെ പിന്തുണയാണുള്ളതെന്നും ജനങ്ങളുടെ നിരന്തരമായ പിന്തുണ താന്‍ തേടുന്നതായും അദ്ദേഹം കുറിച്ചു. കത്തില്‍ ജനങ്ങള്‍ക്ക് തന്റെ കൃതജ്ഞതയും മോദി രേഖപ്പെടുത്തിയിരുന്നു.