ഇലക്റ്ററൽ ബോണ്ട് കേസിൽ അവ്യക്തത മാറ്റാൻ ബോണ്ട് നമ്പർ കൂടി കൈമാറാൻ എസ്.ബി.ഐക്ക് നിർദേശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങളിലെ അവ്യക്തത മാറ്റാനായി ബോണ്ട് നമ്പറുകൾ ഉൾപ്പെടെ കൈമാറാൻ എസ്ബിഐയോട് നിർദേശിച്ച് സുപ്രീം കോടതി.
ബോണ്ട് നമ്പറുകൾ ഉൾപ്പെടെ നൽകിയാൽ മാത്രമേ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ഏതെല്ലാം കമ്പനിയിൽ നിന്ന് പണം സ്വീകരിച്ചുവെന്നതിൽ വ്യക്ത വരുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ രേഖകളിൽ ബോണ്ട് നമ്പറുകൾ ഉൾപ്പെടുത്താത്തതിൽ മാർച്ച് 18നകം വിശദീകരണം നൽകാനും കോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ബോണ്ട് നമ്പറുകൾ ഉൾപ്പെടെ കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. എസ്.ബി.ഐയ്ക്കു വേണ്ടി ഹാജരായിരിക്കുന്ന അഭിഭാഷകൻ ആരാണെന്നും കോടതി ചോദിച്ചു.
ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറാൻ എസ് ബിഐ യോടും മാർച്ച് 15നകം വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം പ്രസിദ്ധപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മിഷനോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതു പ്രകാരം മാർച്ച് 14ന് രണ്ടു ഭാഗങ്ങളിലായി തെരഞ്ഞെടുപ്പു കമ്മിഷൻ ബോണ്ട് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
എന്നാൽ ഇതിൽ ബോണ്ട് വാങ്ങിയ കമ്പനിയുടെ പേര് , തിയതി, മൂല്യം, പണം സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേര് ,തിയതി, മൂല്യം എന്നിവ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ.
അതു കൊണ്ടു തന്നെ ആരിൽ നിന്നാണ് പാർട്ടികൾ പണം കൈപ്പറ്റിയതെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി ബോണ്ട് നമ്പർ കൂടി പ്രസിദ്ധപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെ 16518 കോടിയുടെ ബോണ്ടുകളാണ് വിറ്റതെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.