രണ്ട് ദിവസങ്ങളിലെ വെെദ്യുതി ഉപയോഗം10 കോടി യൂണിറ്റ്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 കോടി യൂണിറ്റ് പിന്നിട്ടു. വൈകിട്ട് ആറു മുതൽ 11 വരെയുള്ള വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിലാണ്.
വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക് കുതിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേരും.
തുടർച്ചയായ രണ്ടു ദിവസങ്ങളിലും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്തുണ്ടായത്. വൈകിട്ടത്തെ ഉപയോഗത്തിൽ തിങ്കളാഴ്ചയുണ്ടായ 5031 മെഗാവാട്ടെന്നത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗമായിരുന്നു.
ചൊവ്വാഴ്ച ഇത് 5004 മെഗാവാട്ടായി കുറഞ്ഞെങ്കിലും ആകെ വൈദ്യുതി ഉപയോഗം 100.16 ദശലക്ഷം യൂണിറ്റിൽ നിന്നും 101.38 ദശലക്ഷം യൂണിറ്റായി വർധിച്ചു.
കഴിഞ്ഞ ഏപ്രിൽ 19നുണ്ടായ 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നിലവിൽ ഒരുദിവസം സംസ്ഥാനത്തുണ്ടായ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം.
ചൂടു മൂലം എ.സിയുടെയും മറ്റും ഉപയോഗം വർധിക്കുന്നതും ഇലക്ട്രിക് വാഹനങ്ങൾ കൂടിയതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണം. വ്യവസായ വാണിജ്യ മേഖലയിലുണ്ടാകുന്ന കുതിപ്പും ഉപയോഗം കൂട്ടുന്നുണ്ട്.
സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് ആവശ്യകത വലിയതോതിൽ ഉയരാറുള്ളതെങ്കിലും മാർച്ചിൽ തന്നെ വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടക്കുന്നത്.
വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള 2068.07 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഒരു വർഷം 206.80 കോടി രൂപവീതം 10 തവണയായി സർക്കാർ കെഎസ്ഇബിക്ക് പണം നൽകും.വാട്ടർ അതോറിറ്റിയുടെ പദ്ധതിയിതര ഫണ്ടിൽനിന്ന് സർക്കാർ ഈ തുക ഈടാക്കും.
നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക കുടിശ്ശികയാകാതെ കൃത്യമായി അടയ്ക്കുന്നതിന് വാട്ടർ അതോറിറ്റിയും കെഎസ്ഇബിയും ഉടൻ ‘എസ്ക്രോ’ അക്കൗണ്ട് തുടങ്ങണമെന്ന് ഉത്തരവിൽ പറഞ്ഞു.
എസ്ക്രോ അക്കൗണ്ടുവഴി വാട്ടർ അതോറിറ്റി വിനിയോഗിക്കുന്ന വൈദ്യുതിയുടെ തുക കെ.എസ്.ഇ.ബിക്ക് നേരിട്ട് ഈടാക്കാൻ കഴിയും. മാസം ശരാശരി 37 കോടി രൂപയാണ് ഇത്തരത്തിൽ കെഎസ്ഇബിയിലേക്ക് എത്തുക.
രാജ്യത്താകെയുള്ള വൈദ്യുതി പ്രതിസന്ധി കാരണം പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ നിലവിലെ കുടിശ്ശിക തുകയും എസ്ക്രോ അക്കൗണ്ടുവഴി മാസംതോറും ലഭിക്കുന്ന വരുമാനവും കെഎസ്ഇബിക്ക് വലിയ ആശ്വാസമാകും.