അയന ഐപ്പ് സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
തൊടുപുഴ: അർബുദം ഉയർത്തിയ കടുത്ത വെല്ലുവിളികൾക്കിടയിലും സുവിശേഷത്തിന്റെ തീജ്വാല പടർത്തി അനേകരിലേക്ക് ഈശോയെ പകർന്ന അയന ഐപ്പ് സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി.
26 വർഷം മാത്രം നീണ്ട ജീവിതത്തിൽ ഏകരക്ഷകനായ ഈശോയെ മറ്റുള്ളവർക്ക് പകരാനും സഹനത്തിന്റെ മൂർദ്ധന്യാവസ്ഥയിലും വേദനകളെ പുഞ്ചിരിയോടെ കൃപയായി സ്വീകരിച്ചതിന്റെയും സാക്ഷ്യം അനേകർക്ക് പകർന്ന തൊടുപുഴ ചിറ്റൂർ കാരിക്കൽ ഷിബി - ഐപ്പ് ദമ്പതികളുടെ മകളായ അയന ഞായറാഴ്ച പുലർച്ചെയാണ് സ്വർഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.
1998 മാർച്ച് എട്ടാം തീയതി കാരിക്കൽ ഐപ്പ് - ഷിബി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളായാണ് അയനയുടെ ജനനം. വളരെ ചെറുപ്പം മുതൽ മരിയ ഭക്തിയിൽ ആഴപ്പെട്ട് ഈശോയോട് ചേർന്നുള്ള ജീവിതമാണ് അവൾ നയിച്ചിരിന്നത്.
ബാല്യത്തിന്റെ ആദ്യ നാളുകളിൽ ചുരുക്കം ചില ദിവസങ്ങളിൽ വീട്ടുകാർ ജോലിക്ക് പോകുമ്പോൾ മഠത്തിലെ സിസ്റ്റർമാർ നോക്കിയ കുഞ്ഞ് ആയത് കൊണ്ടാകാം, അസാധാരണമായ ദൈവീക ചൈതന്യമുള്ള വൃക്തിയായിട്ടാണ് അയന വളർന്നുവന്നത്. സമർപ്പിതരുടെ വലിയ പരിമളം കുഞ്ഞ് അയനയിലേക്കും പകർന്നിരിന്നു.
ഇതുകൊണ്ടാകണം, പഠനത്തിൽ മിടുക്കിയായിരിന്ന അയന സ്കൂൾ കാലം മുതൽ തന്നെ സിസ്റ്റർ ആകണമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ആഗ്രഹം പോലെ തന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആരാധന സന്യാസിനി സമൂഹത്തിന്റെ മഠത്തിൽ ചേർന്നു.
ഈശോയോട് ചേർന്നുള്ള അവളുടെ ജീവിതവും പെരുമാറ്റവും പരിശീലന കാലഘട്ടത്തിൽ തന്നെ അയന എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറുന്നതിന് കാരണമായി.
ഇതിനിടെ സന്യാസ പരിശീലനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ പതിവില്ലാത്ത ക്ഷീണവും ഉറക്കവും അവൾക്ക് അനുഭവപ്പെട്ടു. അസ്വസ്ഥതയുടെ നാളുകൾ. തുടർന്നുള്ള പരിശോധനയിൽ നട്ടെല്ലിന് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പതറാനോ പിന്മാറാനോ അവൾ തയാറായിരിന്നില്ല.
അറിവുവച്ച പ്രായത്തിൽ തന്നെ തൻ്റെ ജീവിതം ക്രിസ്തുവിനു പൂർണ്ണമായിട്ട് സമർപ്പിച്ച അവൾ സഹനത്തെ കൃപയാക്കി സ്വീകരിക്കുകയായിരിന്നു. തുടർ ചികിത്സകൾക്കായി തിരികെ വീട്ടിലെത്തിയ അയന പിന്നീട് മൂന്ന് മേജർ ഓപ്പറേഷനുകളിലൂടെ കടന്നുപോയി. അതിൻ്റെ ഫലമായി നടുവിന് താഴേക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു.
വീൽ ചെയറിലായിരിന്നു പിന്നീടുള്ള ജീവിതം. രോഗത്തിന് ശരീരത്തെ തകർക്കാൻ കഴിഞ്ഞില്ലെങ്കിലും അയനയുടെ ഉള്ളിലെ ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയെയും ദൈവരാജ്യ മഹത്വത്തിനായി താൻ ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളെയും ഇല്ലാതാക്കാൻ കഴിഞ്ഞില്ല.
ഇടവക ദേവാലയമായ കോതമംഗലം രൂപതയിലെ ചിറ്റൂർ സെൻറ് ജോർജ്ജ് പള്ളിയിലെ യുവജന കൂട്ടായ്മയിലൂടെ മാധ്യമ രംഗത്തെ പുതിയ സാധ്യതകൾ അവൾ കണ്ടെത്തി. ആദ്യം ചെറിയ പോസ്റ്ററുകളിലൂടെയും പിന്നീട് വലിയ മാധ്യമ ശുശ്രൂഷകളിലൂടെയും അവൾ സുവിശേഷ പ്രഘോഷണം തുടർന്നു.
വീൽ ചെയറിൽ ആയിരിക്കെ പല ദിവസങ്ങളിലും യാത്ര ചെയ്ത് ബേസിക് കൗൺസിലിംഗ് കോഴ്സും അതോടൊപ്പം ഡിസൈനിങ് പഠനവും പൂർത്തിയാക്കി. ഇടവക പള്ളിയിൽ നിന്ന് ആരംഭിച്ച ശുശ്രൂഷ രൂപതയുടെയും ലോകത്തിന്റെയും വിവിധ കോണുകളിൽ വരെ എത്തുവാൻ കാരണമായി.
ഇടവകയിലെ ഡാറ്റാബേസിൽ നിന്നും കിട്ടുന്ന അതത് ദിവസങ്ങളിലെ ഇടവക അംഗങ്ങളുടെ ജന്മദിനങ്ങളും വിവാഹ വാർഷികങ്ങളും എല്ലാ ദിവസവും ഇടവക വാട്സ്ആപ്പ് കൂട്ടായ്മയിൽ അറിയിക്കുന്നത് കഴിഞ്ഞ ആറു വർഷമായി അയന സന്തോഷത്തോടെ ചെയ്ത വിവിധ ശുശ്രൂഷകളിൽ ഒന്നായിരിന്നു. ഇതോടൊപ്പം പങ്കുവെച്ച മനോഹരമായി തയാറാക്കിയ ബൈബിൾ വചനങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകളിൽ തൻറേയോ ഇടവകയുടെയോ പേര് പതിപ്പിച്ച് പങ്കുവെയ്ക്കാനോ അതിലൂടെ പ്രശസ്തി നേടാനോ അവൾ തയാറായിരിന്നില്ല.
മറിച്ച്, വാട്ടർമാർക്കില്ലാത്ത പോസ്റ്റ് വിവിധ പേജുകളിലൂടെ, ഗ്രൂപ്പുകളിലൂടെ ആയിരങ്ങളിലേക്ക് എത്തണമെന്ന് അവൾ ഏറെ ആഗ്രഹിച്ചു. തന്റെ ഏക ലക്ഷ്യം ദൈവരാജ്യ മഹത്വം എന്നത് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരിന്നു അയനയുടെ ഈ തീരുമാനം.
പങ്കുവെയ്ക്കുന്ന ഡിജിറ്റൽ പോസ്റ്ററുകളിലെ എല്ലാ വചനങ്ങളുടെയും ചുവടെ ഈശോയുടെ നാമത്തിൽ നല്ല ഒരു ദിവസം ആശംസിക്കുന്നുവെന്ന വാക്കുകൾ അയനയ്ക്ക് ഈശോയുമായുള്ള വലിയ ബന്ധം തുറന്നുക്കാണിക്കുന്നത് കൂടിയായിരിന്നു.
ജീസസ് യൂത്തിന്റെ പ്രോഗ്രാമിന് വേണ്ടി മീഡിയ ടീം ട്രെയിനിങ്ങ് ഓൺലൈനിലൂടെ നൽകുവാനും അയന തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പള്ളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്നെ ഏതാണ്ട് രണ്ടായിരത്തോളം പോസ്റ്റുകൾ അയനയുടെ ഡിസൈനിങ് മികവിൽ പിറന്നിട്ടുണ്ട്.
ഇതിനെല്ലാം പുറമേ കത്തോലിക്ക കോൺഗ്രസ്, യുവദീപ്തി കെസിവൈഎം, ജീസസ് യൂത്ത്, ജാഗ്രത സമിതി തുടങ്ങി വിവിധ സംഘടനകളിലുമായി നൂറുകണക്കിന് ചിത്രങ്ങളും മറ്റും വേറെയും ഡിസൈനുകളും ചെയ്തു.
ആളുകളെ കാണാനും മനസ്സിലാക്കാനും അവർക്ക് ദൈവസ്നേഹം പകർന്നു കൊടുക്കാനുമുള്ള അയനയുടെ കഴിവ് കൗൺസിലിംഗ് കോഴ്സിലൂടെ ഒന്നുകൂടി ആഴപ്പെട്ടു.
ഇത് അനേകർക്ക് ജീവിത വഴിത്താരയിലെ വിവിധ പ്രതിസന്ധികളിൽ നിന്നു കരകയറുന്നതിന് കാരണമായി. അയനയുടെ അരികെ എത്തുന്നവർക്ക്, പ്രതിസന്ധിയിലും നിരാശയിലും കടന്നുചെല്ലുന്നവർക്ക് പ്രത്യാശ നിറഞ്ഞ മനസ്സുമായി തിരിച്ചുവരാനേ സാധിക്കുമായിരുന്നുള്ളൂ.
വ്യക്തിപരമായ പ്രാർത്ഥനയും ഡിസൈനിങ്ങും കഴിഞ്ഞുള്ള സമയം സുഹൃത്തുക്കളുടെ ജീവിതത്തിൽ ആത്മീയ ജ്വലനം ഉണ്ടാക്കുന്നതിന് പ്രാർത്ഥനയും പ്രവർത്തനവുമായി മാറ്റിവെച്ചിരുന്നു.
കാൻസർ കോശങ്ങൾ ശരീരം മുഴുവൻ വ്യാപിച്ച് കാൻസർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോഴും വേദന കൊണ്ട് സംസാരിക്കാൻ പോലും ആവാത്ത സാഹചര്യങ്ങളിൽ പരാതികൾ ഇല്ലാതെ സഹനങ്ങളെ കൃപയാക്കിയ അൽഫോൻസാമ്മയുടെ ചൈതന്യമാണ് അയനയിൽ എല്ലാവരും ദർശിച്ചത്. ഇതും അനേകർക്ക് വിശ്വാസത്തിൽ ആഴപ്പെടുന്നതിന് കാരണമായി.
രോഗത്തിനോ മരണത്തിനോ കർത്താവിനെ പ്രഘോഷിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് മരിക്കുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ പോലും ദൈവവചനത്തിന്റെ പോസ്റ്റർ എഡിറ്റിംഗ് പൂർത്തിയാക്കി അവൾ എല്ലാവർക്കും അയച്ചു കൊടുത്തിരിന്നു.
ഞായറാഴ്ച പുലർച്ചെ സ്വഭവനത്തിൽവെച്ചായിരിന്നു തന്റെ പ്രാണനാഥന്റെ സന്നിധിയിലേക്കുള്ള അയനയുടെ മടക്കയാത്ര. ചിറ്റൂർ സെൻറ് ജോർജ്ജ് പള്ളിയിൽ നടന്ന മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നാട് മുഴുവൻ എത്തിയിരിന്നു.
രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, മിഷൻ ലീഗ്, കെസിവൈഎം സംഘടനകളുടെ രൂപത ഡയറക്ടർമാർ ഉൾപ്പെടെ വൈദികരും സന്യസ്തരുമായി നിരവധി പേരും അയനയെ യാത്രയാക്കുവാൻ എത്തി.
സംസ്കാര ശുശ്രൂഷ മദ്ധ്യേ ഇടവക വികാരി ഫാ. ടോജിൻ കല്ലറയ്ക്കൽ നടത്തിയ പ്രസംഗത്തിലാണ് ഇടവകയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന അനുദിന വചനങ്ങൾക്കും ആശംസ സന്ദേശങ്ങൾക്കും പിന്നിൽ അയന ആണെന്ന കാര്യം ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും അറിയുന്നത്.
സഹനത്തെ കൃപയാക്കി, ഈശോയുമായുള്ള ബന്ധം അവികലം കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്ന ജോർജ്ജിനെ പോലെ അയനയ്ക്കും ഇനി തന്റെ സ്വർഗീയ മണവാളന്റെ സന്നിധിയിൽ നിത്യവിശ്രമം.