ഗാസക്ക് വേണ്ടി ചുവന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി ഓസ്കാർ വേദിയിൽ താരങ്ങള്‍
ലോസ് ആഞ്ചലസ്: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യക്ക് എതിരായ രോഷം ഓസ്കര് വേദിയിലും പുറത്തും മുഴങ്ങി. പലസ്തീൻ അനുകൂല പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചതിനാൽ വൈകിയാണ് പുരസ്കാര ദാന ചടങ്ങ് ആരംഭിച്ചത്.
ആയിരത്തിലേറെ പ്രക്ഷോഭകരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റാലി സംഘടിപ്പിച്ചത്.വെടിനിർത്തൽ ആവശ്യപ്പെട്ട് ചുവന്ന ബാഡ്ജ് ധരിച്ചാണ് നിരവധി താരങ്ങള്‍ ചടങ്ങിനെത്തിയത്.
ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ ഓസ്കർ വേദിയിൽ സംവിധായകൻ ജൊനാഥൻ ഗ്ലേസർ ശക്തമായവാക്കുകളില് അപലപിച്ചു. ദി സോൺ ഓഫ് ഇന്ററെസ്റ്റിന് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിക്കുകയായിരുന്നു ജൊനാഥൻ.
ഇസ്രയേലിലും ഗാസയിലും കൊല്ലപ്പെട്ടവർ മനുഷ്യത്വം ഇല്ലാതാക്കലിന്റെ ഇരകളാണെന്ന് ഗ്ലേസർ പറഞ്ഞു. ആർട്ടിസ്റ്റ് ഫോർ സീസ്ഫയ കൂട്ടായ്മയുടെ നേതൃത്വത്തിലും ഓസ്കർ വേദിയിൽ ഗാസയ്ക്കായി ശബ്ദമുയർന്നു.
നടന്മാരായ റാമി യൂസ്സെഫ്, മാർക്ക് റുഫലോ, മഹർഷല അലി, റിസ് അഹമ്മദ്, മിലിയോ മചാഡോ ഗാർനർ, സ്വാൻ അർലൗഡ്, ഗായിക ബില്ലി ഐലിഷ്, സംവിധായിക അവ ഡുവെർന എന്നിവർ ചുവന്ന ബാഡ്ജ് ധരിച്ചായിരുന്നു എത്തിയത്.
പലസ്തീനെ മോചിപ്പിക്കുക എന്നെഴുതിയ പ്ലക്കാർഡുമായി സ്വതന്ത്ര സംവിധായിക ലോറ ഡെല്ഹോർ ഓസ്കർ വേദിക്കു പുറത്തെ പ്രതിഷേധത്തിന്റെ ഭാഗമായി.