ഇലക്ടറൽ ബോണ്ട് കേസ്; എസ്.ബി.ഐയുടെ ഹർജി തള്ളി, നാളെ തന്നെ വിവരങ്ങൾ കെെമാറണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയ പാർടികൾക്ക് 2019 മുതൽ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രീംകോടതി.
വിവരങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്.ബി.ഐ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വിവരങ്ങൾ കെെമാറാൻ ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെപ്രവൃത്തി സമയം അവസാനിക്കുന്നതിനു മുമ്പ് വിവരങ്ങൾ നൽകണമെന്നും നിർദേശിച്ചു.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാര്‍ച്ച് 15-ന് വൈകിട്ട് 5-ന് മുന്‍പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
കടപ്പത്രം സംബന്ധിച്ച വിവരങ്ങള്‍ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു കോടതി ചോദിച്ചിരുന്നു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്.ബി.ഐ അറിയിച്ചു.
വിവരങ്ങള്‍ നല്കാന് ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു.
രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു.വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു.
സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്ന നിർദേശം പാലിക്കാത്ത എസ്.ബി.ഐക്കെതിരെ സി.പി.ഐ.എം കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു.
പൂർണ വിവരം മാർച്ച് ആറിനുള്ളിൽ കൈമാറണമെന്നായിരുന്നു കോടതി നിർദേശം. കോടതി നിശ്ചയിച്ച സമയപരിധി മനഃപൂർവം എസ്ബിഐ ലംഘിച്ചുവെന്ന് വെള്ളിയാഴ്ച സമർപ്പിച്ച ഹർജിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
ബോണ്ടുകൾ വാങ്ങിയവരുടെയും പണമാക്കി മാറ്റിയവരുടെയും വിവരങ്ങൾ പൊരുത്തപ്പെടണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ല. എന്നാൽ, പറയാത്ത ഇക്കാര്യം മുൻനിർത്തി പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് എസ്.ബി.ഐയെന്നും ഹർജിയിൽ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന ചരിത്രപരമായ വിധിയിലേക്ക് നയിച്ച നിയമപോരാട്ടത്തിന്റെ ഭാഗമായ രാജ്യത്തെ ഏക രാഷ്ട്രീയ പാർടിയും സി.പി.ഐ എമ്മായിരുന്നു.