നാല് സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ മത്സ്യ, ക്ഷീര മേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കി കർഷകരുടെ വരുമാനം കുത്തനെ ഇടിക്കാൻ വഴിയൊരുക്കും വിധം നാല് സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ട് കേന്ദ്ര സർക്കാർ.
യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടനയിലെ അംഗങ്ങളായ ഐസ്ലാൻഡ്, ലിക്റ്റൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി 15 വർഷത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടത്.
നിത്യോപയോഗസാധനങ്ങളും വ്യാവസായിക ചരക്കുകളും അടക്കം സർവതും ഈ രാജ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്കില്ലാതെ വിറ്റഴിക്കാം. മത്സ്യ-,ക്ഷീര, കാർഷിക ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കടത്താം.
ഈ രാജ്യങ്ങളിൽ നിന്നുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്ക് ഇന്ത്യ വൻവിപണിയായി മാറും. സ്വിറ്റ്സർലൻഡിൽ നിന്ന് പാൽ ഉൽപ്പന്നങ്ങളും വിവിധതരം ചോക്ലേറ്റുകളും കുറഞ്ഞ തീരുവയിൽ പ്രവഹിക്കും.
സംസ്കരിച്ച യൂറോപ്യൻ മത്സ്യ ഉൽപ്പന്നങ്ങളും നിയന്ത്രണമില്ലാതെ എത്തും. ഇന്ത്യയിൽ മത്സ്യമേഖലയിൽ പണിയെടുക്കുന്ന മൂന്നുകോടിയിൽപ്പരം തൊഴിലാളികൾക്കു പുറമേ ക്ഷീരകർഷകർക്കും മറ്റ് കാർഷിക മേഖലകളിലും ഇത് വൻ പ്രതിസന്ധി സൃഷ്ടിക്കും.
പാർലമെന്റിൽ ചർച്ച ചെയ്യുകയോ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകയോ ചെയ്യാതെയാണ് നിർണായക കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവച്ചത്.
കരാർ സംബന്ധിച്ച് 2008-ൽ ചർച്ച ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. 2013 നവംബറിൽ അതുസംബന്ധിച്ച എല്ലാ ചർച്ചയും നിർത്തിവച്ചു. എന്നാൽ മോദിസർക്കാർ രഹസ്യനീക്കത്തിലൂടെ കരാർ ചർച്ച പുനരാരംഭിക്കുകയായിരുന്നു.
ഇന്ത്യയിൽ 10000 കോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടാകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ മുമ്പ് ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ രാജ്യത്തിന്റെ അടിസ്ഥാനമേഖലയിൽ വരുത്തിയ കെടുതികൾ വലുതാണ്. രാജ്യത്തെ റബർ കർഷകരടക്കം വൻ പ്രതിസന്ധി നേരിടുന്നു. ഇപ്പോൾ ഒപ്പിട്ട കരാറിന്റെ യഥാർഥഗുണം രാജ്യത്തെ സമ്പന്നർക്കും കോർപറേറ്റുകൾക്കുമാണ്.
ഇന്ത്യൻ കോർപറേറ്റുകൾക്ക് യൂറോപ്യൻ യൂണിയനിലേക്ക് വിപണി വ്യാപിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായ സ്വിറ്റ്സർലൻഡ് ഈ വർഷം ജനുവരി മുതൽ മിക്കവാറും എല്ലാ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും തീരുവ നീക്കംചെയ്തിട്ടുണ്ട്.
ഇന്ത്യ കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞ ഉൽപ്പന്നങ്ങളിൽ സ്വിസ് ആഡംബര വാച്ച് ബ്രാൻഡുകളായ റോളക്സ്, ഒമേഗ, കാർട്ടിയർ തുടങ്ങിയവ ഉൾപ്പെടുന്നു.
സാൽമൺ അടക്കം ആഗോളവിപണിയിൽ വൻമൂല്യമുള്ള മത്സ്യങ്ങൾ, ഒലിവ്, അവോക്കാഡോ തുടങ്ങിയ പഴങ്ങൾ; കോഡ് ലിവർ, ഒലിവ് ഓയിൽ തുടങ്ങിയവ, പലതരം മധുരപലഹാരങ്ങൾ, ചോക്ലേറ്റ്, ബിസ്ക്കറ്റ് എന്നിവയുൾപ്പെടെ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് ഒഴുകും. പാൽഉൽപ്പന്ന രംഗത്തെ ആഗോള ഭീമനായ സ്വിസ് ബ്രാൻഡ് നെസ്ലെ ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കും.