അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോഴോ മരിച്ചപ്പോഴോ പരോൾ തന്നില്ല: പ്രൊഫ. സായിബാബ
ന്യൂഡൽഹി: ‘പോളിയോ ബാധിച്ച് കാൽ തളർന്ന എന്നെ വാരിയെടുത്ത് സ്കൂളിൽ കൊണ്ടുപോയിരുന്നത് അമ്മയാണ്. ആ അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോഴോ മരിച്ചപ്പോഴോ പരോൾ തന്നില്ല. എന്നെ കാണണമെന്ന ആഗ്രഹം സാധിക്കാതെ അമ്മ പോയി’–- ഇത്രയും പറഞ്ഞപ്പോഴേക്കും പ്രൊഫ. ജി എൻ സായിബാബ വിതുമ്പി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര സർക്കാർ 10 വർഷത്തോളം ജയിലിലിട്ട സായിബാബയെ കഴിഞ്ഞദിവസമാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വെള്ളിയാഴ്ച സുർജിത്ഭവനിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാഗ്പുർ ജയിലിൽ നേരിട്ട കൊടിയപീഡനങ്ങൾ അദ്ദേഹം വിവരിച്ചു.
ജയിൽവാസത്തിനിടെ ഹൃദ്രോഗം ബാധിച്ച് ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടിട്ടും ചികിത്സ നൽകിയില്ല. രണ്ടു സഹതടവുകാർ താങ്ങിപ്പിടിച്ചാണ് ശുചിമുറിയിൽ കൊണ്ടുപോയിരുന്നതും കുളിപ്പിച്ചിരുന്നതുമെല്ലാം.
ഭാര്യ അയക്കുന്ന മരുന്നുകൾ ലഭിക്കാൻ നിരാഹാരസമരം നടത്തേണ്ടിവന്നു. കൊടുംഭീകരനെപ്പോലെയാണ് അധികൃതർ പെരുമാറിയിയത്. അറസ്റ്റ് ചെയ്തപ്പോൾ പൊലീസുകാർ വലിച്ചിഴച്ചതോടെ വലതുകൈ നീരുവച്ച് വീർത്തു.
നാഡീവ്യൂഹമടക്കം തകരാറിലായി വലത് കൈ ഉയർത്താനാകില്ല. ഇതിനിടെ മസ്തിഷ്കത്തിലും വൃക്കയിലും സിസ്റ്റുകൾ രൂപപ്പെട്ടു. ഒപ്പംഅറസ്റ്റ് ചെയ്ത ആദിവാസി യുവാവ് പാണ്ഡുനരോത്തെ പനി ബാധിച്ച് അവശനായിട്ടും ചികിത്സ ലഭിക്കാതെ മരിച്ചു.
തങ്ങൾക്കായി സെഷൻസ് കോടതിയിൽ കേസ് വാദിച്ച സുരേന്ദ്ര ഗാഡ്ലിങ്ങിനെയും ജയിലിലടച്ചു. അദ്ദേഹവും വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും സായിബാബ പറഞ്ഞു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുരളീധരൻ, കേസിൽ കുറ്റവിമുക്തനായ ഹേം മിശ്ര, സായിബാബയുടെ ഭാര്യ വസന്തകുമാരി, പ്രൊഫ. നന്ദിത നരേൻ, കരേൻ ഗബ്രിയേൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.